'മരിച്ചാലും വിടില്ലെടാ ചില പുഴുക്കള്! കഴുകന്മാരാണ് ! ശവം കാത്തു കിടപ്പാണ്!'

'മരിച്ചാലും വിടില്ലെടാ ചില പുഴുക്കള്! കഴുകന്മാരാണ് ! ശവം കാത്തു കിടപ്പാണ്!'
'മരിച്ചാലും വിടില്ലെടാ ചില പുഴുക്കള്! കഴുകന്മാരാണ് ! ശവം കാത്തു കിടപ്പാണ്!'


തൃശൂര്‍: സംഘപരിവാര്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ ശ്രദ്ധേയനായ യുവ ചിത്രകാരന്റെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവരെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ഗാന്ധിവധത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ലഡു വിതരണം ചെയ്തവരുടെയും സ്വന്തം അമ്മൂമ്മയുടെ മരണത്തില്‍ കൈകൊട്ടിച്ചിരിച്ച ഹിറ്റ്‌ലറുടെയും പിന്‍മുറക്കാരാണ്, കേരള വര്‍മ കോളജിലെ വിശാഖിന്റെ
മരണത്തെ ആഘോഷിക്കുന്നതെന്ന് ദീപാ നിശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കേരള വര്‍മ കോളജില്‍, വിവാദമുണ്ടാക്കിയ സരസ്വതി ചിത്രത്തിന്റെ പേരില്‍ സംഘപരിവാര്‍ നേരത്തെ വിശാഖിനെതിരെ രംഗത്തുവന്നിരുന്നു.

ദീപാ നിശാന്ത് എഴുതിയ കുറിപ്പ്: 

വിശാഖേ.......

ഒരാള്‍ മരിച്ചാല്‍ മനുഷ്യര്‍ കാണിക്കുന്ന ചില പ്രാഥമിക മര്യാദകളുണ്ട്.

മനുഷ്യരില്‍ നിന്നു മാത്രമേ അത്തരം മര്യാദകള്‍ നമ്മള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ...

അല്ലാത്തവര്‍ അത്തരം മര്യാദകള്‍ മറന്ന് ലഡ്ഡുവിതരണം നടത്തും!

ആനന്ദനൃത്തം ചെയ്യും!

ഗാന്ധിവധത്തിനു ശേഷം തിരുവനന്തപുരത്ത് ലഡ്ഢുവിതരണം നടത്തിയ ചില 'സ്വയം സേവി'കളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത കഥ ഒ എന്‍ വി പറഞ്ഞു കേട്ടിട്ടുണ്ട്. ' യുധിഷ്ഠിരന്റെ ധര്‍മ്മബോധവും പാണ്ഡവരുടെ ക്ഷമാശീലവുമുള്ള, ഇന്ത്യയിലെയും പാകിസ്ഥാനിലേയും മുസ്ലീങ്ങള്‍ സ്വന്തം സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന സനാതനഹിന്ദുവായ ഒരു ഗാന്ധി നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത് അത്ര വലിയ അപരാധമാണോ?' എന്ന് ചോദിച്ച മഹാത്മാവിനെ കൊന്നവര്‍ക്ക് അതാഘോഷിക്കാതെ പറ്റില്ലല്ലോ. 1993 നവംബര്‍ 23 ലെ ഫ്രന്റ് ലൈന്‍ ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ച ഗോപാല്‍ ഗോഡ്‌സേയുടെ അഭിമുഖത്തിലെ കാര്യങ്ങള്‍ പാടേ നിഷേധിച്ച് ,ഗോഡ്‌സെയെ കെട്ടിപ്പിടിച്ചു കൊണ്ട് നില്‍ക്കുന്ന ചില ' ഷൂവര്‍ക്കേഴ്‌സി'ന്റെ ചിത്രങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതിനെ തള്ളിപ്പറഞ്ഞ് 'തലയില്‍ പൂടയില്ലാ ന്യായങ്ങള്‍' എടുത്തിട്ടലക്കി, സ്വന്തം മുഖവും കൂട്ടുകാരുടെ മുഖവും തേച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്...

അവരിപ്പോ നിന്റെ മരണത്തെയാണ് ആഘോഷിക്കുന്നത്..

' നശിച്ച ജൂതപ്പട്ടീ... നീ പുറത്തു പോ!' എന്ന് ബ്രഹ്തിന്റെ ശവകുടീരത്തില്‍ എഴുതി വെച്ചവരുടെ പിന്‍ഗാമികള്‍ മരണം പോലും ആഘോഷിക്കും മോനേ...

ചിതയില്‍ വെക്കും മുന്‍പേ, മറ്റുള്ളവരുടെ മനസ്സില്‍ എരിഞ്ഞു തീരുന്ന ചില ജന്മങ്ങളുണ്ട്! അവരുടെ ആഘോഷങ്ങളെ നമ്മള്‍ കാര്യമാക്കേണ്ടതില്ല..

അവരുടെ ജല്പനങ്ങള്‍ക്ക് നിന്നില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാനാവില്ല!

ചിതയില്‍ വെച്ചാലും ജീവിക്കുന്നവര്‍ക്കിടയില്‍ നിവര്‍ന്നു നില്‍ക്കുന്നവനാണ് നീ..

നിന്റെ വരയ്ക്ക് ഞങ്ങളെഴുതുന്ന ആയിരം വാക്കുകളേക്കാള്‍ പ്രഹരശേഷിയുണ്ടായിരുന്നു ..ആ പ്രഹരമേറ്റത് ചിലരുടെ കരണത്താണ്...അടിയേറ്റവര്‍ ഇപ്പോഴും പുലമ്പുകയാണ്! നീ വരയ്ക്കാത്ത ചിത്രത്തിന്റെ പേരില്‍പ്പോലും നിന്നെ വേട്ടയാടുകയാണ്..

മരിച്ചാലും വിടില്ലെടാ ചില പുഴുക്കള്!

കഴുകന്മാരാണ് !

ശവം കാത്തു കിടപ്പാണ്!

പുലമ്പട്ടെ..

സ്വന്തം അമ്മൂമ്മ മരിച്ചപ്പോള്‍, മരണ വീട്ടിലെത്തിയ ഹിറ്റ്‌ലര്‍ കൈകൊട്ടിച്ചിരിച്ചതായി കേട്ടിട്ടുണ്ട്.

' ഈ വലിയ ശരീരം കഷണങ്ങളായി മുറിച്ച് ചൂണ്ടയില്‍ കോര്‍ത്ത് കായലിലിട്ടാല്‍ എത്ര മത്സ്യങ്ങളെ പിടിക്കാമായിരുന്നു!' എന്ന തമാശ പറയാന്‍ കഴിയുന്ന ഹിറ്റ്‌ലറിന്റെ പിന്‍ഗാമികള്‍ ഇവിടിപ്പോഴുമുണ്ട്.. എത്രയെത്ര മുഖം മൂടികള്‍ എടുത്തണിഞ്ഞാലും ചിലര്‍ക്ക് അവരുടെ തനിനിറം ഇടയ്ക്ക് വെളിപ്പെടുത്തേണ്ടി വരും..

അതവരുടെ പ്രശ്‌നമല്ല!

അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രശ്‌നമാണ്!

അത്തരം നെക്രോഫീലിക്കുകളുടെ നേര്‍ക്ക് കാര്‍ക്കിച്ച് തുപ്പിക്കൊണ്ടാണ് നമ്മള്‍ മുന്‍പോട്ടു നടക്കേണ്ടത്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com