കാസര്‍കോഡ് സ്‌റ്റോപ്പിന് വേണ്ടി അന്ത്യോദയയെ ചങ്ങല വലിച്ച് നിര്‍ത്തിച്ച് നെല്ലിക്കുന്ന് എംഎല്‍എ; വണ്ടി പിടിച്ചിട്ടത് പതിനഞ്ച് മിനിറ്റോളം
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd June 2018 07:02 AM |
Last Updated: 23rd June 2018 07:03 AM | A+A A- |

കാസര്‍കോഡ്; അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോഡ് സ്‌റ്റോപ്പില്ലാത്തതില്‍ പ്രതിഷേധിച്ച് ചങ്ങലവലിച്ച് വണ്ടി നിര്‍ത്തിച്ച് എന്‍. എ നെല്ലിക്കുന്ന് എംഎല്‍എ. ട്രെയ്ന്‍ കാസര്‍കോഡ് എത്തിയപ്പോഴാണ് എംഎല്‍എ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. 15 മിനിറ്റോളമാണ് എംഎല്‍എ ട്രെയ്ന്‍ പിടിച്ചിട്ടത്.
എംഎല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ മുസ്ലീം ലീഗ് പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. ചങ്ങല വലിച്ചതിന്റെ പേരില്‍ എന്തുശിക്ഷയും ഏല്‍ക്കാന്‍ തയ്യാറാണെന്നും സ്‌റ്റോപ്പനുവദിക്കുന്നത് വരെ സമരം തുടരുമെന്നും എന്‍.എ. നെല്ലിക്കുന്ന് വ്യക്തമാക്കി. ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിക്കുന്നതിനായാണ് എംഎല്‍എ അന്ത്യോദയ എക്‌സ്പ്രസില്‍ കയറിയത്. രാജധാനി എക്‌സ്പ്രസില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ കണ്ണൂരില്‍ എത്തിയ നെല്ലിക്കുന്ന് ആറരയ്ക്ക് അന്ത്യോദയ എക്‌സ്പ്രസ് എത്തുന്നതുവരെ അവിടെ കാത്തിരുന്നാണ് വണ്ടിയില്‍ കയറിയത്. കണ്ണൂര്‍ വിട്ടാല്‍ മംഗളൂരുവിലേ വണ്ടിക്ക് സ്‌റ്റോപ്പുള്ളൂ.
ഒമ്പതാമത്തെ ബോഗിയിലായിരുന്നു എംഎല്‍എ കാസര്‍കോട്ട് വണ്ടി എത്താനായപ്പോള്‍ അദ്ദേഹം ചങ്ങലവലിക്കുകയായിരുന്നു. സ്‌റ്റേഷന് നൂറുമീറ്റര്‍ അകലെ വണ്ടി നിന്നു. തൊട്ടുമുന്നില്‍ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് കടന്നുപോയതിനാല്‍ സിഗ്‌നല്‍ കിട്ടിയിരുന്നില്ല. അതിനാല്‍ കാസര്‍കോട് സ്‌റ്റേഷനില്‍ വണ്ടി നിര്‍ത്തുമായിരുന്നു. പക്ഷേ ചെയിന്‍ വലിച്ചതിനാല്‍ മുമ്പേ നിര്‍ത്തി. സ്‌റ്റേഷനില്‍ കാത്തുനിന്ന പ്രവര്‍ത്തകര്‍ ദൂരെ വണ്ടി നിര്‍ത്തിയതുകണ്ട് അവിടേക്ക് മുദ്രാവാക്യംവിളിച്ചെത്തി പാളത്തില്‍ കുത്തിയിരുന്നു.
പ്ലാറ്റ്‌ഫോമില്ലാത്ത സ്ഥലത്ത് നിര്‍ത്തിയ വണ്ടിയില്‍നിന്ന് പ്രവര്‍ത്തകരുടെ സഹായത്തോടെ ഇറങ്ങിയ എംഎല്‍എ മുന്നോട്ട് നടന്നുവന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പതിനഞ്ചുമിനിട്ടോളം പാളത്തില്‍ കുത്തിയിരുന്ന ശേഷം പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയതോടെ വണ്ടി വിട്ടു. പി.ബി.അബ്ദുള്‍റസാഖ് എംഎല്‍എയും സ്ഥലത്തെത്തിയിരുന്നു. ചങ്ങല വലിച്ചതിന് നെല്ലിക്കുന്നിനും പാളത്തില്‍ കുത്തിയിരുന്നതിന് പത്തു പ്രവര്‍ത്തകര്‍ക്കുമെതിരേ റെയില്‍വേ സംരക്ഷണസേന കേസെടുത്തു.