നാട്ടുകാര്‍ സിഐഡികളായപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ കഥ, മാനസിക രോഗിയായ യുവാവിനെ വീട്ടുകാര്‍ തന്നെ കൊന്നുതള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2018 03:44 PM  |  

Last Updated: 23rd June 2018 03:45 PM  |   A+A-   |  

murderghjg

 

തിരുവനന്തപുരം: പൊലീസ് സ്വാഭാവിക മരണമെന്ന് എഴുതിത്തള്ളിയ കേസില്‍ നാട്ടുകാര്‍ നടത്തിയ സമാന്തര അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ കഥ. മാനസിക വിഭ്രാന്തിയുള്ള യുവാവിനെ സ്വന്തം വീട്ടുകാര്‍ തന്നെ കൊന്നുതള്ളിയ കഥയാണ് പുറത്തുവന്നത്. നാട്ടുകാര്‍ പിടികൂടിയ പ്രതിയുടെ കുറ്റസമ്മതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

വിഴിഞ്ഞം സ്വദേശിയായ വിനു എന്ന ഇരുപത്തിയഞ്ചുകാരനെ ഈ മാസം രണ്ടാം തീയതിയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക വിഭ്രാന്തിയുള്ള വിനു വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. വിനു ഉപദ്രവിക്കുമായിരുന്നതിനാല്‍ അമ്മയും സഹോദരിയും അടക്കമുള്ളവര്‍ വേറൊരു വീട്ടിലേക്കു താമസം മാറുകയായിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയില്‍ ആയിരുന്നു മൃതദേഹം. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ കണ്ടെത്താനായില്ല. ഹൃദയത്തില്‍ ബ്ലോക്കുകളുണ്ടായിരുന്നെന്നും മരണകാരണം ഹൃദയാഘാതം ആകാമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. അതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. 

ഏറെ നാള്‍ ഗള്‍ഫിലായിരുന്ന വിനു തിരിച്ചെത്തിയപ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. അമ്മയെയും സഹോദരിയെയും പലതവണ ശാരീരികമായി ഉപദ്രവിച്ചു. സഹോദരിയുടെ മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വീടിനു തീവയ്ക്കുകയും ചെയ്തതോടെയാണ് ഇവര്‍ വിനുവിനെ വിട്ട് താമസം മാറിയത്. നാട്ടുകാരില്‍ ചിലരാണ് വിനനുവിന് ഭക്ഷണവും മറ്റും നല്‍കിയിരുന്നത്. 

മരണം നടന്ന ദിവസം വിനുവും സഹോദരീ ഭര്‍ത്താവ് ജോയിയും തമ്മില്‍ തുറയില്‍വച്ച് അടിയുണ്ടായെന്ന വിവരമാണ് നാട്ടുകാരില്‍ സംശയമുണ്ടാവാന്‍ കാരണം. വിവരങ്ങള്‍ അറിയാന്‍ അന്നു ജോയിയോടൊപ്പം ഉണ്ടായിരുന്ന ജിജിനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയത് സംശയം ബലപ്പെടുത്തി. വിനു മരിച്ച ദിവസം രാത്രി വീട്ടില്‍നിന്നു ബഹളം കേട്ടെന്നു ചിലര്‍ പറയുകയും ചെയ്തു. 

ഇക്കഴിഞ്ഞ 21ന് വൈകിട്ട് ജിജിന്‍ ചപ്പാത്ത് ജംക്ഷനിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ സംഘടിച്ചു ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. മദ്യലഹരിയിലായിരുന്ന ജിജിന്‍ കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്തു. വിനുവിനെ കൊന്നതാണെന്ന ജിജിന്റെ കുറ്റസമ്മതം നാട്ടുകാര്‍ റെക്കോഡ് ചെയ്തു വാട്‌സാപ്പ് ഗ്രൂപ്പുകളിലിട്ടു. ഇതു വ്യാപകമായി ചര്‍ച്ചയായതോടെ പൊലീസ് ജിജിനെയും ജിജിന്റെ മൊഴി അനുസരിച്ച് കൂട്ടാളികളെയും അറസ്റ്റു ചെയ്യുകയായിരുന്നു. 

തന്റെ രണ്ടര വയസ്സുള്ള മകളെ വിനു കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വിരോധവും പലപ്പോഴുമായുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് ജോയി പൊലീസിനോടു പറഞ്ഞതായാണ് സൂചന. വിഷം നല്‍കി കൊല്ലാനായിരുന്നു ആദ്യ തീരുമാനം. വിനുവിന്റെ അമ്മയും സഹോദരിയും പിന്തുണച്ചു. പിന്നീട് ജോയി ബന്ധുവായ ജിജിനോടു വിവരങ്ങള്‍ പറഞ്ഞു. ജിജിന്‍ സുഹൃത്തുക്കളെയും കൂട്ടി. ഇവര്‍ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തോടടുത്ത പാര്‍ക്കിങ് കേന്ദ്രത്തിലും അടിമലത്തുറ തീരത്തെ പാറപ്പുറത്തും സംഘടിച്ച് കൃത്യം ആസൂത്രണം ചെയ്തു. തുടര്‍ന്ന്, രാത്രിയില്‍ വിനു താമസിക്കുന്ന വീട്ടിലെത്തി ഉറങ്ങിക്കിടന്ന യുവാവിന്റെ തല ബീയര്‍ കുപ്പി കൊണ്ട് അടിച്ചു പൊട്ടിച്ചു. പിന്നീടു തോര്‍ത്തുകൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയശേഷം 11.30 ഓടെ സംഘം മടങ്ങി.

അടിമലത്തുറ സ്വദേശി ജോയി (33), പുന്നക്കുളം കുഴിവിളാകം സ്വദേശി ഫ്‌ലക്‌സന്‍ !(24), തെന്നൂര്‍ക്കോണം പിറവിളാകം സ്വദേശി ജിജിന്‍ (20), ചൊവ്വര സ്വദേശികളായ സജീവ് (24), കൃഷ്ണ എന്നു വിളിക്കുന്ന ഹരീഷ് (21), ബിനുവിന്റെ മാതാവ് അടിമലത്തുറ ഫാത്തിമമാതാ പള്ളിക്കു സമീപം താമസിക്കുന്ന നിര്‍മല (44), സഹോദരി വിനിത (24) എന്നിവരെയാണ് വിഴിഞ്ഞം സിഐ എന്‍. ഷിബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുെചയ്തത്.