പീഡനം അനുഭവിക്കുന്ന പുരുഷന്മാരെ നിങ്ങളെ സഹായിക്കാനും ഇവിടെ ആളുകളുണ്ട്; പുരുഷന്മാര്‍ക്കായി ആഗോള ഹെല്‍പ്പ്‌ലൈന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2018 07:24 AM  |  

Last Updated: 23rd June 2018 07:24 AM  |   A+A-   |  

man

 

ങ്ങളുടെ പരാതി കേള്‍ക്കാന്‍ ഇവിടെ ആരുമില്ലെന്ന് ഇനി പുരുഷകേസരികള്‍ക്ക് പരാതി പറയേണ്ടി വരില്ല. പീഡനങ്ങള്‍ അനുഭവിക്കുന്ന പുരുഷന്മാരെ സഹായിക്കാന്‍ ആഗോള ഹെല്‍പ്പ്‌ലൈന്‍ എത്തി. പുരുഷന്മാര്‍ക്ക് സൗജന്യ നിയമസഹായവും സാന്ത്വനവും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയിലെ ഒന്‍പത് ഭാഷകളില്‍ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ ഇതിലൂടെ സാധിക്കും. 

പുരുഷാവകാശ സംരക്ഷണ സമിതിയെന്ന സംഘടനയാണ് കേരളത്തില്‍ ഇതിന്റെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കും. ഹെല്‍പ്പ്‌ലൈനിലേക്ക് വിളിച്ച് ഒമ്പത് അമര്‍ത്തിയാല്‍ മലയാളത്തില്‍ മറുപടി കിട്ടും. കേരളത്തില്‍ ഏഴുപേരാണ് ഹെല്‍പ്പ്ലൈന്‍ സേവനത്തിനുള്ളത്. ഹെല്‍പ്പ്‌ലൈന്‍ തിരക്കിലായാല്‍ പരാതിയും പ്രശ്‌നങ്ങളും വോയ്‌സ് മെയില്‍വഴി റെക്കോഡാകുന്ന സംവിധാനവുമുണ്ട്. തിരക്ക് കഴിഞ്ഞാല്‍ പ്രവര്‍ത്തകര്‍ തിരിച്ചുവിളിക്കും.

പുരുഷന്മാര്‍ക്ക് എതിരായ നിയമങ്ങളില്‍ കുടുങ്ങുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യസേവനമാണ് നല്‍കുന്നത്. പുരുഷന്മാര്‍ക്ക് അര്‍ഹമായ നിയമപരിരക്ഷയും സാന്ത്വനവും നല്‍കുകയാണ് ഹെല്‍പ്പ്‌ലൈനിന്റെ ലക്ഷ്യം. പരാതികളില്‍ പുരുഷന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമാണ് സഹായം കിട്ടുക.

'സേവ് ഇന്ത്യന്‍ ഫാമിലി' എന്ന കൂട്ടായ്മയാണ് ഹെല്‍പ്പ്‌ലൈന്‍ തുടങ്ങിയത്. വിവാഹനിയമങ്ങളുടെ ദുരുപയോഗത്തിന് ഇരയായ പുരുഷന്മാരുടെ കൂട്ടായ്മയാണ് 'സേവ് ഇന്ത്യന്‍ ഫാമിലി'. ഈ കൂട്ടായ്മയുടെ കൂടുതല്‍ സേവനത്തിനായി രാജ്യവ്യാപകമായി 50ലേറെ പുരുഷസേവന സന്നദ്ധ സംഘടനകളുമുണ്ട്. ഹെല്‍പ്പ്‌ലൈനിലേക്ക് ഇതേവരെ ഒന്നരലക്ഷത്തിലധികം പേരുടെ വിളിയെത്തിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. നമ്പര്‍: 88824 98498.