സരസ്വതീചിത്രം വരച്ചതിന്റെ അകാലചരമം ആയിരുന്നോ 95-ാം വയസ്സില്‍ എംഎഫ് ഹുസൈന്റേത്? മരിച്ചവരെയെങ്കിലും അവര്‍ക്കു വെറുതെ വിട്ടുകൂടേ?: ദീപാ നിശാന്ത്‌

സരസ്വതീ ചിത്രം വരച്ചതിന്റെ അകാലചരമം ആയിരുന്നുവോ 95 ആം വയസ്സില്‍ എംഎഫ് ഹുസൈന് ഉണ്ടായത് എന്നും ദീപാ നിശാന്ത്
സരസ്വതീചിത്രം വരച്ചതിന്റെ അകാലചരമം ആയിരുന്നോ 95-ാം വയസ്സില്‍ എംഎഫ് ഹുസൈന്റേത്? മരിച്ചവരെയെങ്കിലും അവര്‍ക്കു വെറുതെ വിട്ടുകൂടേ?: ദീപാ നിശാന്ത്‌

കൊച്ചി: ''പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നതിനാല്‍ ജീവിച്ചിരിക്കുന്നവരോടുള്ള സംഘപരിവാറിന്റെ എതിര്‍പ്പ് മനസിലാക്കാം.എന്നാല്‍ മരിച്ചവരെയെങ്കിലും അവര്‍ക്കു വെറുതേ വിട്ടുകൂടേ?'' -  എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത് ചോദിക്കുന്നു. കേരള വര്‍മ്മ കോളെജിലെ വിശാഖ് എന്ന വിദ്യാര്‍ഥിയുടെ
മരണവുമായി ഉണ്ടായ വിവാദങ്ങളെ കുറിച്ച് സമകാലിക മലയാളത്തോടു
സംസാരിക്കുകയായിരുന്നു അവര്‍.

വിശാഖിന്റെ മരണത്തില്‍ ഞങ്ങള്‍ അധ്യാപകരും സുഹൃത്തുക്കളും അത്രമാത്രം വേദന അനുഭവിക്കുന്നു. ആ ഞങ്ങളെ അപമാനിക്കുന്ന തരത്തിലാണ് അവന്‍ 'ചത്തത് നന്നായി , പുഴുത്ത പട്ടിയെ പോലെ ചാവേണ്ടതായിരുന്നു' എന്നൊക്കെ പറയുന്നത്. എന്താണ് ഇതിനോടൊക്കെ മറുപടി പറയേണ്ടതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.

മൂന്നാലു തവണ ഇന്‍ര്‍ സോണ്‍ മത്സരത്തില്‍ പോയന്റുകള്‍ വാരിക്കൂട്ടിയ കലാകാരനാണ് അവന്‍. നാട്ടിക എസ്എന്‍ കോളെജില്‍ ഒരു വര്‍ഷം പഠിച്ചതിന് ശേഷമാണ് അവന്‍ കേരള വര്‍മ്മയില്‍ എത്തുന്നത്. ഇക്കാലമത്രയും യൂണിവേഴ്‌സിറ്റി തലത്തില്‍ നിരവധി സമ്മാനങ്ങള്‍ അവന്‍ വാരിക്കൂട്ടി.30-37 പോയിന്റ് ഒറ്റയ്ക്ക് നേടിക്കൊണ്ടിരുന്ന പ്രതിഭാശാലിയായിരുന്നു വിശാഖ്.അങ്ങനെയൊരാള്‍ മരിക്കുമ്പോഴാണ് തരംതാണ ആരോപണം ഉയര്‍ത്തുന്നത്.


 ആ ചിത്രം വരച്ചത് വിശാഖാണോ എന്നറിയില്ല

സംഘപരിവാര്‍ വിശാഖിനെ അപമാനിക്കാന്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വ്യാജ ആരോപണം എസ്എഫ്‌ഐയുടെ ബാനറില്‍ പ്രത്യക്ഷപ്പെട്ട സരസ്വതിയുടെ ചിത്രമാണ്. അത് പേരെഴുതാതെ ആരോ വരച്ച ചിത്രമാണ്. വിശാഖാണോ അല്ലയോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അല്ലെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു.

സരസ്വതീ ചിത്രം വരച്ചതിന്റെ അകാല ചരമമോ?

വിശാഖ് വരച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ആ ചിത്രം ഞാന്‍ ഉള്‍ക്കൊള്ളിച്ചില്ലെന്നാണ് ആക്ഷേപം. വരച്ചതാരെന്ന് തീര്‍ച്ചയില്ലാത്ത ഒരു ചിത്രം , അതും ഒരു സംഘടനയുടെ ഫഌക്‌സ് ഞാന്‍ ഷെയര്‍ ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് തോന്നിയില്ല. എസ്എഫ്‌ഐയുടെ എന്ന സംഘടനയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനല്ല. ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ പോസ്റ്റില്‍ ' എസ്എഫ്‌ഐയുടെ വിവാദ പോസ്റ്ററുകളൊക്കെ വരച്ചത് വിശാഖാണ് എന്നറിഞ്ഞതു മുതല്‍ ആരാധന തോന്നി എന്ന് കുറിച്ചിരുന്നു. ഈ വാചകമാണ് സംഘപരിവാര്‍ , ആ ചിത്രം വരച്ചത് വിശാഖാണ് എന്ന് സ്ഥാപിക്കുന്നതിന് ഉപയോഗിച്ചത്. ഇതിലൊന്നും പറയാനില്ല. ഇപ്പോള്‍ പോലും ആ ചിത്രത്തെ അവിടെ പരാമര്‍ശിക്കേണ്ട കാര്യമില്ല, ഇനി വിശാഖാണ് വരച്ചതെങ്കില്‍ കൂടി. സരസ്വതീ ചിത്രം വരച്ചതിന്റെ അകാലചരമം ആയിരുന്നുവോ 95 ആം വയസ്സില്‍ എംഎഫ് ഹുസൈന് ഉണ്ടായത് എന്നും ദീപാ നിശാന്ത് ചോദിക്കുന്നു.

വിശാഖിന്റെ മരണത്തിന് ദീപാ നിശാന്തിനെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകയുടെ പോസ്റ്റ്‌
 

സംഘപരിവാര്‍ മറുപടിയര്‍ഹിക്കുന്നില്ല
 

എന്റെ മുമ്പില്‍ കൂടി പോകുന്ന കുട്ടികളെ വരെ ഞാന്‍ തീവ്രവാദികളാക്കുന്നു എന്നൊരു ആരോപണം സംഘപരിവാര്‍ കാലങ്ങളായി ഉയര്‍ത്തുന്നതാണ്. അവരുയര്‍ത്തുന്ന വ്യാജ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല. ഞാന്‍ കോളെജിലെ യൂണിയന്‍ അഡൈ്വസറാണ്. എസ്എഫ്‌ഐയുടെ അല്ല. ഞാനത് എപ്പോഴും പറയാറുള്ളതാണ്.സംഘപരിവാറിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ദീപാ നിശാന്ത് വ്യക്തമാക്കി. 

വിശാഖിനെ അപമാനിച്ചവര്‍ക്കെതിരെ പരാതി
 

വിശാഖിനെ അപമാനിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ അച്ഛന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമപരമായി മുന്നോട്ട് പോകുമെന്നും മകന്‍ മരിച്ച ദുഃഖത്തിലിരിക്കുന്ന തങ്ങള്‍ക്ക് ഇത് അപകീര്‍ത്തകരമാണെന്നും പരാതിയില്‍ പറയുന്നു.അന്തിക്കാട് സ്റ്റേഷനിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com