അച്ചാറും ഉപ്പേരിയുമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്  കഞ്ചാവ് ബാ​ഗ് ഏൽപ്പിച്ചു; പൊലീസ് പിടിയിലായ മകനെ ഏജന്റ് ചതിച്ചതാണെന്ന് മാതാപിതാക്കൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2018 05:10 AM  |  

Last Updated: 24th June 2018 05:10 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

രാജാക്കാട്: കഞ്ചാവുമായി മലയാളി യുവാവ് ദുബായിൽ എയർപോർട്ട് പൊലീസിന്റെ പിടിയിലായ സംഭവത്തിൽ ഏജന്റ് ചതിച്ചതാണെന്ന് മാതാപിതാക്കൾ. മൂന്ന് മാസം മുമ്പ് ദുബായ് എയർപോർട്ടിൽ 5 കിലോഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്ത കുംഭപ്പാറ കണ്ണശേരിൽ അഖിലിന്റെ(21) മാതാപിതാക്കളാണു തങ്ങളുടെ മകനെ ഏജന്റ് ചതിച്ചതാണെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 

ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനുശേഷം ജോലിതേടി നടന്ന അഖിലിന് എസ്.എഫ്.ഐ നേതാവെന്ന് സ്വയം പരിചയപ്പെടുത്തിയ എറണാകുളം സ്വദേശിയാണ് വിസ ശരിയാക്കി നൽകിയത്. ഇതിനു പുറമെ ഇയാൾ പണം മുടക്കി ടിക്കറ്റെടുത്ത് നൽകുകയും ചെയ്തു. ദുബായിലേക്ക് പോകാൻ കരിപ്പൂർ എയർപോർട്ടിൽ വരാനാണ് അഖിലിനോട് ആവശ്യപ്പെട്ടിരുന്നത്. എയർപോർട്ടിൽ കാത്തുനിന്ന ഇയാൾ ദുബായിലെ സുഹൃത്തുക്കൾക്കുള്ള അച്ചാറും ഉപ്പേരിയുമാണെന്ന് പറഞ്ഞ് ഒരു ബാഗ് അഖിലിനെ ഏൽപ്പിച്ചു. ദുബായ് എയർപോർട്ടിലെത്തുമ്പോൾ തന്റെ സുഹൃത്തുക്കൾ വന്ന് കൂട്ടിക്കൊണ്ട് പോകുമെന്നും അവർക്കൊപ്പമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നതെന്നും അഖിലിനോടു പറഞ്ഞു. ദുബായ് എയർപോർട്ടിൽ എത്തിയപ്പോൾ പൊലീസ് ബാഗ് പരിശോധിക്കുകയും കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായ അഖിൽ ഇപ്പോൾ അവിടെ ജയിലിലാണ്. 

അഖിലിന്റെ അച്ഛൻ സജീവനും അമ്മ മിനിയും മകന്റെ ദുബായ് യാത്രപോലും ഏറെ വൈകിയാണ് അറിയുന്നത്. ജയിലിൽ നിന്നും മകൻ ഇവരെ ഫോണിൽ വിളിച്ചപ്പോഴാണ് പൊലിസിന്റെ പിടിയിലാണെന്നും, ഏജന്റ് കൊടുത്തുവിട്ട ബാഗിൽ കഞ്ചാവുണ്ടായിരുന്നെന്നും അറിയുന്നത്. ഉടൻ തന്നെ ഏജന്റിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മകനെ ജയിലിൽ നിന്നിറക്കിത്തരാമെന്ന് വാക്കു നൽകിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഏജന്റ് ചതിയിൽപ്പെടുത്തിയതായി കാണിച്ച് സജീവനും മിനിയും വിദേശകാര്യമന്ത്രാലയത്തിനും ജില്ലാപൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ആദ്യമായി വിദേശത്ത് പോകുന്ന മകൻ കഞ്ചാവ് കടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും,ഏജന്റിനെ കണ്ടെത്തി ചോദ്യം ചെയ്താൽ സത്യം തെളിയുമെന്നും ഇവർ പറയുന്നു. നാട്ടിലെ പൊതുപ്രവർത്തകർ മുഖാന്തിരം ദുബായിലെ ഇന്ത്യൻ എംബസി അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.
 

TAGS
kanjavu