'മുറ്റത്തെ മുല്ല';കൊള്ളപ്പലിശക്കാരില്‍ നിന്ന് രക്ഷ; ലഘുവായ്പ പദ്ധതിയുമായി ഇടത് സര്‍ക്കാര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th June 2018 04:54 PM  |  

Last Updated: 24th June 2018 04:54 PM  |   A+A-   |  

 

തിരുവനന്തപുരം: കൊള്ളപ്പലിശക്കാരില്‍നിന്നു സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി സഹകരിച്ച് ലഘുവായ്പാ പദ്ധതിയുമായി സര്‍ക്കാര്‍. 'മുറ്റത്തെ മുല്ല' എന്നാണ് പദ്ധതിയുടെ പേര്. സഹകരണ സംഘങ്ങളുമായി ചേര്‍ന്നാണ് വായ്പാപദ്ധതി നടപ്പാക്കുന്നത്. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ എടുക്കുന്നതിന് വിമുഖത കാട്ടുന്നവരുടെയും കൊള്ളപ്പലിശക്കാരില്‍നിന്നു വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടേയും വീട്ടിലെത്തി ലളിതമായ നടപടിക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ നല്‍കുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ ഗുണഭോക്താവില്‍ നിന്നും വായ്പാതുക ഈടാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 26 ന് പാലക്കാട് മണ്ണാര്‍കാട്ട് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

ഭൂരിഭാഗം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും നിക്ഷേപ ലഭ്യതയുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാണെന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണപ്രസ്ഥാനത്തില്‍ നിക്ഷേപവായ്പാ മേഖലയാണ് ഏറ്റവും ശക്തമായത്. ഗ്രാമീണ തലത്തില്‍ പ്രവര്‍ത്തിക്കുന്ന 1600 ലധികം വരുന്ന പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളും അവയുടെ 3000ത്തിലധികം വരുന്ന ശാഖകളുമുണ്ട്. വായ്പാ മേഖലയിലും വായ്‌പേതര പ്രവര്‍ത്തനങ്ങളിലും രാജ്യത്തിന് തന്നെ മാതൃകയാണ് ഈ സംഘങ്ങള്‍.

നിക്ഷേപം കുറവുള്ള സംഘങ്ങള്‍ക്ക് ജില്ലാസഹകരണ ബാങ്കുകളില്‍ നിന്നു വായ്പാ ലഭ്യതയുമുണ്ട്. വിഭവ ലഭ്യതയുടെ കാര്യത്തില്‍ ഇത്രയേറെ സാഹചര്യമുണ്ടായിട്ടും ഈ സംഘങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ ബ്ലേഡ് പലിശക്കാരുടെയും കഴുത്തറപ്പന്‍ പലിശ ഈടാക്കുന്ന സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികളുടേയും ചൂഷണമുണ്ട്. 24 ശതമാനം മുതല്‍ 200 ശതമാനം വരെ പലിശയാണ് ഇവര്‍ ഈടാക്കുന്നത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി നിമിത്തം ആത്മഹത്യകള്‍ ഉണ്ടാകുന്ന സാഹചര്യം ഈ സര്‍ക്കാരിന് നിസ്സാരമായി കാണാനാകില്ലെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍ 

ബ്ലേഡ് പലിശക്കാരുടേയും സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികളുടെയും സാമ്പത്തിക ചൂഷണത്തില്‍നിന്നു സാധാരണക്കാരെ രക്ഷിക്കുക. 
ഇതിനായി കുടുംബശ്രീയുമായി ചേര്‍ന്ന് ലഘുവായ്പാ പദ്ധതി നടപ്പാക്കുക.

 സഹകരണ പ്രസ്ഥാനത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുകയും ഈ പ്രസ്ഥാനത്തിന്റെ സാമൂഹികസാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുകയും ചെയ്യുക.

ജനങ്ങളെ കൂടുതലായി സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലേക്കു നയിക്കുകയും അവരില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തുകയും ചെയ്യുക.
വായ്പാ രീതി 

പദ്ധതി പ്രകാരം 1000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഒരാള്‍ക്ക് വായ്പയായി നല്‍കുക. നിലവില്‍ കൊള്ളപ്പലിശക്കാരില്‍നിന്ന് എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നതിനും വായ്പ നല്‍കും. വായ്പക്കാരനില്‍നിന്നു 12 ശതമാനം പലിശ (നൂറുരൂപയ്ക്ക് പ്രതിമാസം ഒരു രൂപ) മാത്രമാണ് ഈടാക്കുക. ഇതില്‍നിന്ന് 9 ശതമാനം പലിശ പ്രാഥമിക കാര്‍ഷിക ബാങ്കുകളില്‍ അടയ്ക്കണം. ബാക്കി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് /വായ്പാ ഇടപാട് നടത്തുന്ന യൂണിറ്റ് അംഗത്തിന് അവരുടെ ഉചിതമായ തീരുമാനപ്രകാരം എടുക്കാവുന്നതാണ്. പരമാവധി ഒരു വര്‍ഷമാണ്  (52 ആഴ്ചകള്‍) വായ്പ തിരിച്ചടയ്ക്കാനുള്ള കാലപരിധി. അതായത് 1000 രൂപ വായ്പ എടുത്ത ഒരാള്‍ ഒരു വര്‍ഷം കൊണ്ട് 52 ആഴ്ചകളില്‍ തുല്യ ഗഡുക്കളായി 1120 രൂപ തിരിച്ചടയ്ക്കണം. 10 ആഴ്ചയില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പകളും നല്‍കുന്നതാണ്. 

പദ്ധതി നിര്‍വഹണം 

സംസ്ഥാനത്ത് വിപുലമായ ശൃംഖലയും ജനകീയാടിത്തറയും സാമ്പത്തിക ശക്തിയുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ (ജഅഇട) അതാത് പ്രദേശങ്ങളിലെ കുടുംബശ്രീ സംവിധാനവുമായി കൂടിച്ചേര്‍ന്നാണ് പദ്ധതി നിര്‍വഹണം നടത്തുക. ദുര്‍ബലമായതോ ഈ പദ്ധതി നടപ്പിലാക്കാന്‍ താല്‍പര്യക്കുറവു കാണിക്കുന്നതോ ആയ കാര്‍ഷിക വായ്പാ സംഘങ്ങളുടെ പരിധിയില്‍, മറ്റു സഹകരണ സംഘങ്ങളിലൂടെ പദ്ധതി നടപ്പാക്കും. പൈലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് 'മുറ്റത്തെ മുല്ല' ആദ്യം നടപ്പാക്കുക.

വായ്പാ ആവശ്യക്കാരുടെ എണ്ണമനുസരിച്ച് ഓരോ വാര്‍ഡിലെയും ഒന്നുമുതല്‍ മൂന്നു വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. പ്രവര്‍ത്തനമികവും വിശ്വാസവും ഉള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് ചുമതല നല്‍കുക. കുടുംബശ്രീ അംഗങ്ങള്‍ അവരുടെ പ്രദേശത്തെ വായ്പാ ആവശ്യക്കാരുടെ വീട്ടിലെത്തി പണം നല്‍കും. ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും. വായ്പ നല്‍കാന്‍ ആവശ്യമായ സംഖ്യ കുടുംബശ്രീ  യൂണിറ്റുകള്‍ക്ക് ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ 9 ശതമാനം പലിശ നിരക്കില്‍ ക്യാഷ് ക്രഡിറ്റ് വായ്പയായി അനുവദിക്കും. പുനര്‍വായ്പ ആവശ്യമുള്ള സംഘങ്ങള്‍ക്ക് 8 ശതമാനം പലിശ നിരക്കില്‍ ജില്ലാസഹകരണ ബാങ്കുകള്‍ പുനര്‍വായ്പ നല്‍കും (പലിശ നിരക്കില്‍ കാലാനുസൃതമായ മാറ്റം ബാധകമായിരിക്കും).  

നിലവില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ക്ക് പുറമെയാണ് 10 ലക്ഷം രൂപയുടെ ക്യാഷ് ക്രെഡിറ്റ് അനുവദിക്കുക. ഈ വായ്പാ തുക കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കു വിനിയോഗിക്കാനോ പാടില്ല.  കൊള്ളപ്പലിശക്കാരുടേയും സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികളുടേയും കെണിയില്‍പെട്ടവര്‍ക്കും അത്തരം സാഹചര്യത്തില്‍ തുടരുന്നവര്‍ക്കുമാണ് ഈ വായ്പ അനുവദിക്കുക. വായ്പക്കാര്‍ക്ക് നല്‍കിയ വായ്പാതുകയും സംഘത്തില്‍ നിന്നു കുടുംബശ്രീ യൂണിറ്റ് പിന്‍വലിച്ച വായ്പാ തുകയും തുല്യമായിരിക്കണം. വ്യക്തിഗത വായ്പാ കണക്കുകള്‍ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ്. 

തിരിച്ചടവ് ഉറപ്പ് വരുത്തല്‍ 

വായ്പയുടെ തിരിച്ചടവ് കുടുംബശ്രീ യൂണിറ്റുകള്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനായി കുടുംബശ്രീ യൂണിറ്റുകള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുമായി കരാറില്‍ ഏര്‍പ്പെടണം.  ഏതെങ്കിലും വായ്പക്കാരന്റെ തിരിച്ചടവ് 3 മാസത്തിലധികം മുടങ്ങുന്ന പക്ഷം അത്തരം വായ്പക്കാരെ നേരിട്ട് പ്രാഥമിക സംഘത്തിലെ വായ്പക്കാരനായി മാറ്റി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ബാധ്യതയില്‍നിന്ന് ഒഴിവാകാം. എന്നാല്‍ ഇത്തരം കേസുകള്‍ മൊത്തം വായ്പയുടെ 20 ശതമാനത്തില്‍ അധികരിക്കുന്ന സാഹചര്യമുണ്ടായാല്‍ അതിന് ഉത്തരവാദികളായ കുടുംബശ്രീ യൂണിറ്റുകളുടെ ക്യാഷ് ക്രെഡിറ്റ് വായ്പാ പരിധി തുടര്‍ വര്‍ഷങ്ങളില്‍ പുതുക്കി നല്‍കില്ല.

വിലയിരുത്തല്‍ 

പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാന്‍ സംഘം തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സഹകരണസംഘം സെക്രട്ടറി കണ്‍വീനറും ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സഹകരണസംഘം ജോയിന്റ് റജിസ്ട്രാര്‍ (ജനറല്‍) കണ്‍വീനറും സംസ്ഥാനതലത്തില്‍ സഹകരണ വകുപ്പ് മന്ത്രി ചെയര്‍മാനും സഹകരണസംഘം റജിസ്ട്രാര്‍ കണ്‍വീനറുമായ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും.