വെളളമെടുക്കാന്‍ പോയ മൂന്നുവയസ്സുകാരന്‍ അമ്മയുടെ കണ്മുന്നില്‍ ട്രെയിനിടിച്ച് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th June 2018 09:01 PM |
Last Updated: 24th June 2018 09:01 PM | A+A A- |

കാസര്‍കോട്: അമ്മയുടെ വീട്ടില്‍ നിന്നു വെള്ളമെടുക്കാന്‍ റെയില്‍പാളം മുറിച്ചു കടന്ന മൂന്നുവയസ്സുകാരന്‍ ട്രെയിനിടിച്ചു മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരനെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൊഗ്രാല്‍ ഒളച്ചാലില്‍ വാടകയ്ക്കു താമസിക്കുന്ന സിദ്ധിക്ക് ആയിഷ ദമ്പതികളുടെ ഇളയ മകന്‍ ബിലാല്‍ (മൂന്ന്) ആണ് അമ്മയുടെ കണ്‍മുന്നില്‍ മരിച്ചത്. ഇവരുടെ മൂത്തമകന്‍ ഇസ്മായിലിനു (അഞ്ച്) തലയ്ക്കു ഗുരുതര പരുക്കുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്കു 12:30നാണ് അപകടം. ട്രാക്കിന് എതിര്‍വശം ആയിഷയുടെ കുടുംബവീട്ടില്‍ നിന്നു വെള്ളമെടുക്കാന്‍ വീട്ടുകാരറിയാതെ കുടവുമായി ട്രാക്കില്‍ കയറിയതായിരുന്നു കുരുന്നുകള്‍. അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ആയിഷ കുട്ടികളെ അന്വേഷിച്ച് ഓടിയെത്തിയപ്പോഴേക്കും ട്രെയിന്‍ രണ്ടുപേരെയും ഇടിച്ചു തെറിപ്പിച്ചു.
മംഗളൂരു കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കുട്ടികള്‍ തൊട്ടടുത്തുള്ള വൈദ്യുതത്തൂണില്‍ ചെന്നു പതിച്ചു. ബിലാല്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.