ഹെലികോപ്റ്ററില്‍ പറന്നെത്തി ഗുരുവായൂരില്‍ താലികെട്ട്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2018 09:15 AM  |  

Last Updated: 24th June 2018 09:17 AM  |   A+A-   |  

img1hgh

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് താലികെട്ട് നടത്താനായി വിവാഹസംഘം എത്തിയത് ഹെലികോപ്റ്ററില്‍. നാലു ഹെലികോപ്റ്ററുകളിലായെത്തിയ സംഘം താലികെട്ടും സദ്യയും കഴിഞ്ഞ് ഹെലികോപ്റ്ററില്‍ തന്നെ മൈസൂരുവിലേക്ക് മടങ്ങി. മൈസൂരുവില്‍ വെച്ചാണ് വിവാഹ സല്‍ക്കാരം.

ദുബായില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ സ്വദേശികളായ ബിസിനസുകാരാരുടെ കുടുംബമാണ് പറന്നുവന്ന് കല്യാണം കഴിച്ച് മടങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടോടെ ഇവര്‍ ഗുരുവായൂരിലെത്തി. അരിയന്നൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ ഹെലിപാഡിലിറങ്ങിയ സംഘം രാവിലെ ക്ഷേത്രത്തിന് മുന്നിലെ കല്യാണ മണ്ഡപത്തില്‍ താലികെട്ട് നടത്തി. തുടര്‍ന്ന് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങുകളും സദ്യയും കഴിഞ്ഞ് പതിനൊന്നരയോടെ സംഘം മടങ്ങുകയും ചെയ്തു.

വൈകീട്ട് മൈസൂരില്‍ അയ്യായിരത്തോളം പേര്‍ക്കായി നടത്തുന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് യാത്ര ഹെലികോപ്റ്ററിലാക്കിയത്. രണ്ടാഴ്ച മുന്‍പ് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുള്ള സംഘം ഹെലികോപ്റ്ററില്‍ തൃശൂര്‍ ഇറങ്ങി ഗുരുവായൂര്‍ എത്തി ദര്‍ശനം നടത്തി മടങ്ങിയിരുന്നു.