നഗരം കീഴടക്കാന്‍ എയര്‍പോര്‍ട്ട് മിനി ബസുമായി കെഎസ്ആര്‍ടിസി

ജൂലായ് മൂന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരുമാസത്തേക്ക് ബസുകള്‍ ഓടിത്തുടങ്ങും. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി മിനി സ്മാര്‍ട് ബസുകള്‍ നിരത്തിലിറക്കുന്നു. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് നഗരകേന്ദ്രങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി എയര്‍പോര്‍ട്ട് സ്മാര്‍ട്ട് ബസ് ആരംഭിക്കുന്നത്. ജൂലായ് മൂന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരുമാസത്തേക്ക് ബസുകള്‍ ഓടിത്തുടങ്ങും. 

വാടക ബസുകളിലാണ് പരീക്ഷണം. പദ്ധതി ലാഭകരമാണെങ്കില്‍ വാടക കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി. മൂന്ന് ബസുകളാണ് ആദ്യഘട്ടത്തില്‍ എത്തുക.

ഫോഴ്‌സ് മോട്ടോഴ്‌സുമായിട്ടാണ് പരീക്ഷണ ഓട്ടത്തിന് കരാര്‍ ഒപ്പിടുന്നത്. ബസും ഡ്രൈവറും കമ്പനി സൗജന്യമായി നല്‍കും. ബസിന്റെ ഇന്ധനവും കണ്ടക്ടറും കെഎസ്ആര്‍ടിസിയുടേതായിരിക്കും. വിമാനത്താവളങ്ങളില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങിവരുന്നതിന്റെ തൊട്ടടുത്ത് കെഎസ്ആര്‍ടിസിയുടെ സ്മാര്‍ട്ട് ബസ് ഉണ്ടാകും. വിമാനങ്ങള്‍ എത്തിച്ചേരുന്നതിന് അനുസരിച്ച് ബസുകളുടെ സമയം ക്രമീകരിക്കും. 

രാത്രിയും ബസുകളുണ്ടാകും. കൃത്യമായ സര്‍വീസുകളായിരിക്കും സ്മാര്‍ട്ട് ബസിന്റെ പ്രത്യേകത. ശീതീകരിച്ച വാഹനത്തില്‍ 21 സീറ്റുകളുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിമാനത്താവളങ്ങളില്‍ നിന്നും നഗരകേന്ദ്രങ്ങളിലേക്ക് ഇത്തരം ബസുകളുണ്ട്.

ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, നിരീക്ഷണ ക്യാമറകള്‍ എന്നീ സജ്ജീകരണങ്ങളുണ്ട്. പുതിയമേഖലകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പരീക്ഷണങ്ങളെന്ന് കെഎസ്ആര്‍ടിസി മേധാവി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. പരീക്ഷണം വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com