ഫോര്‍മാലിനിലിട്ട മീന്‍ പിടികൂടി; ആര്യങ്കാവില്‍ പിടിച്ചെടുത്തത് 9500 കിലോ മത്സ്യം
By സമകാലികമലയാളം ഡെസ്‌ക് | Published: 26th June 2018 10:13 AM |
Last Updated: 26th June 2018 10:13 AM | A+A A- |

തിരുവനന്തപുരം: മാരക രാസവസ്തുവായ ഫോര്‍മാലിനിലിട്ട് സൂക്ഷിച്ച മത്സ്യം വില്പനയ്ക്കായി കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് തുടരുന്നു.പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടും രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കേരളത്തിലേയ്ക്ക് നിര്‍ബാധം ഒഴുകുകയാണ്. ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ ഈ ഗണത്തില്‍പ്പെട്ട 9500 കിലോഗ്രാം മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ദിവസം വാളയാറില്‍ നിന്നും ഫോര്‍മാലിന്‍ ചേര്‍ത്ത 6000 കിലോ ചെമ്മീന്‍ പിടികൂടിയിരുന്നു. ഒരു കിലോമീനില്‍ 4.1 മില്ലിഗ്രാം ഫോര്‍മാലിന്‍ അടങ്ങിയിരിക്കുന്നതായാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍.
കൊല്ലം ആര്യങ്കാവില്‍ നിന്നും പിടികൂടിയ മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. രാമേശ്വരം, തൂത്തുക്കുടി എന്നി ഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്ന മത്സ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച് കൂടൂതല്‍ വ്യക്ത വരുകയുളളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പാലക്കാട് പിടികൂടിയ മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിധ്യമുളളതായി അധികൃതര്‍ സ്ഥിരീകരിച്ചു.
അതേസമയം വിഷം കലര്‍ന്ന മത്സ്യം സംസ്ഥാനത്ത് വ്യാപകമായി ഒഴുകുന്ന സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 12നാണ് യോഗം.
ദിവസങ്ങള്‍ക്ക് മുന്‍പ് അമരവിള ചെക്‌പോസ്റ്റില്‍ ഇത്തരത്തില്‍ രാസവസ്തു ചേര്‍ത്ത 6000 കിലോഗ്രാം മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത് കേരളത്തെ ഞെട്ടിച്ചിരുന്നു.