തല്ലിയെന്ന് സമ്മതിച്ചാല്‍ ഒത്തുതീര്‍പ്പ്, കുറ്റക്കാരനാക്കാന്‍ ശ്രമിച്ചാല്‍ നിയമനടപടികളുമായി മുന്നോട്ട്; ഗവാസ്‌കര്‍ 

തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ആദ്യം സമ്മതിക്കട്ടെയെന്നും നിയമനടപടികള്‍ അവസാനിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്ന് മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍
തല്ലിയെന്ന് സമ്മതിച്ചാല്‍ ഒത്തുതീര്‍പ്പ്, കുറ്റക്കാരനാക്കാന്‍ ശ്രമിച്ചാല്‍ നിയമനടപടികളുമായി മുന്നോട്ട്; ഗവാസ്‌കര്‍ 

തിരുവനന്തപുരം: തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ആദ്യം സമ്മതിക്കട്ടെയെന്നും നിയമനടപടികള്‍ അവസാനിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്ന് മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍. സമൂഹത്തിനുമുന്നില്‍ തന്നെ കുറ്റക്കാരനാക്കാനാണ് ശ്രമമെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.  

സംഭവത്തിന്റെ തലേദിവസം മകള്‍ അസഭ്യം പറഞ്ഞവിവരം താന്‍ എഡിജിപിയെ അറിയിച്ചിരുന്നെന്നും ഡ്രൈവര്‍ ചുമതലയില്‍ നിന്ന് തന്നെ മാറ്റണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായും ഗവാസ്‌കര്‍ പറയുന്നു. എന്നാല്‍ പിറ്റേദിവസം പതിവില്‍ നിന്ന് മാറ്റം വരുത്തികൊണ്ട് എഡിജിപിയൊ ഗണ്‍മാനോ ഒപ്പമില്ലാതെ തന്നോട് മകളെ കായികപരിശീലനത്തിന് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് ഗവാസ്‌കര്‍ പറഞ്ഞു. എഡിജിപിയുടെ വാഹനമൊഴിവാക്കി പൊലീസ് ബോര്‍ഡ് പതിപ്പിക്കാത്ത പൊലീസിന്റെതന്നെ മറ്റൊരു വാഹനത്തില്‍ പോകാന്‍ നിര്‍ദേശിച്ചെന്നും ഈ സംഭവങ്ങളെല്ലാം മകള്‍ ആക്രമിച്ചത് എഡിജിപിയുടെകൂടി അറിവോടെയാണോയെന്ന് സംശയമുണ്ടാക്കുന്നതാണെന്നും ഗവാസ്‌കര്‍ പറയുന്നു. 

കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഐപിഎസ് തലത്തില്‍ ശ്രമം നടക്കുന്നതായി പലരും പറഞ്ഞെന്നും എന്നാല്‍ സമ്മര്‍ദ്ദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നുമാണ് ഗവാസ്‌കറുടെ വാക്കുകള്‍. ഐപിഎസ് ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും എത്രവലിയ സമ്മര്‍ദമുണ്ടായാലും നീതികിട്ടുംവരെ പിന്നോട്ടില്ലെന്നും ഗവാസ്‌കര്‍ പറയുന്നു. എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനമേറ്റ ഗവാസ്‌കര്‍ പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം പേരൂര്‍ക്കടയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com