ദാസ്യപ്പണി വിവാദം : ഡെപ്യൂട്ടി കമാന്‍ഡന്റ് പിവി രാജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി ; അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം

ദാസ്യപ്പണി വിവാദത്തില്‍ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചതിനിടെയാണ് രാജു പുതിയ പരാതിയുമായി രംഗത്തെത്തിയത്
ദാസ്യപ്പണി വിവാദം : ഡെപ്യൂട്ടി കമാന്‍ഡന്റ് പിവി രാജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി ; അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം


തിരുവനന്തപുരം : പൊലീസിലെ ദാസ്യപ്പണി വിവാദത്തില്‍ ആരോപണ വിധേയനായ എസ്എപി ഡെപ്യൂട്ടി കമാന്‍ഡന്റ് പിവി രാജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. എസ്എപി ക്യാമ്പിലെ ചിലരുടെ ഗൂഢാലോചനയാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നിലെന്നും പിവി രാജു പരാതിയില്‍ പറയുന്നു. 

പരാതി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ദാസ്യപ്പണി വിവാദത്തില്‍ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചതിനിടെയാണ് രാജു പുതിയ പരാതിയുമായി രംഗത്തെത്തിയത്. രാജുവിന്റെ പരാതിയില്‍ വീണ്ടും അന്വേഷണം നടത്താനും, അതുവഴി കേസ് അട്ടിമറിക്കാനുമാണ് ഉന്നതതലത്തില്‍ നീക്കം നടക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. രാജുവിനെതിരെ ഡിജിപി നടപടിക്ക് ശുപാര്‍ശ നല്‍കിയെങ്കിലും,  സര്‍ക്കാര്‍ ഇതുവരെ നടപടി എടുക്കാത്തത് ഇതുകൊണ്ടാണെന്നും ആക്ഷേപമുണ്ട്. 

എസ്എപി കമാന്‍ഡന്റായ രാജു വീട്ടിലെ ടൈല്‍ പണിക്കായി ക്യാമ്പിലെ പൊലീസുകാരെ നിയോഗിച്ചെന്നാണ് പരാതി ഉയര്‍ന്നത്. സംഭവം വെളിച്ചത്തു വന്നതിനെ തുടര്‍ന്ന് പിറ്റേന്ന് മുതല്‍ പണിക്ക് വരേണ്ടെന്ന് രാജു പൊലീസുകാരോട് പറഞ്ഞതായും വെളിപ്പെടുത്തലുണ്ടായിരുന്നു. ദാസ്യപ്പണി വിവാദത്തില്‍ എഡിജിപി സുദേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്നും സര്‍ക്കാര്‍ നീക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com