ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി ; മിനി ആന്റണിയെ സഹകരണ വകുപ്പ് സെക്രട്ടറിയാക്കാനും മന്ത്രിസഭാ തീരുമാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th June 2018 10:15 AM |
Last Updated: 27th June 2018 04:23 PM | A+A A- |

തിരുവനന്തപുരം : മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസ് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഈമാസം 30 ന് വിരമിക്കുന്ന ഒഴിവിലാണ് ടോം ജോസിനെ നിയമിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ചീഫ് സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.
നിലവില്‍ തൊഴില്‍-ജലവിഭവ, നികുതി വകുപ്പുകളുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്. 2020 മേയ് 31 വരെ ടോം ജോസിന് സർവീസുണ്ട്.
കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥരായ എ.കെ. ദുബെ, അരുണ സുന്ദർരാജ് എന്നിവർ ടോം ജോസിനെക്കാൾ മുതിർന്നവരാണെങ്കിലും ഇരുവരും ഇപ്പോൾ കേന്ദ്രസർവീസിലാണ്. ഇരുവരും സംസ്ഥാനത്തേക്ക് തിരിച്ചുവരാൻ താൽപ്പര്യം കാണിക്കാത്തതാണ് ടോം ജോസിന് ഗുണമായത്.
തൊഴിൽ- നൈപുണ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ. ആശ തോമസിനെ നിയമിച്ചു. നികുതി-എക്സൈസ് വകുപ്പിന്‍റെ അധിക ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നല്‍കും. ഐ.ആന്‍റ് പി.ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാലിന് നികുതി വകുപ്പ് സെക്രട്ടറിയുടെയും വ്യവസായ വകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് വൈദ്യുതി വകുപ്പിന്‍റെയും അധിക ചുമതല നല്‍കും.
ഭക്ഷ്യസെക്രട്ടറി മിനി ആന്‍റണിക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കും. മുഹമ്മദ് ഹനീഷിന് കേരള സ്റ്റേറ്റ് ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതല കൂടി നല്‍കും. കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ജോഷി മൃണ്‍മയി ശശാങ്കിനെ ടൂറിസം അഡീഷണല്‍ ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.