ബിജെപിയില്‍ ഭിന്നതരൂക്ഷം: അമിത് ഷാ എത്തുംമുമ്പ് അധ്യക്ഷന്‍ വേണം; ഇന്ന് നേതൃയോഗം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th June 2018 06:43 AM  |  

Last Updated: 27th June 2018 06:43 AM  |   A+A-   |  

 


തിരുവനന്തപുരം: ബിജെപി കേരള ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായി പാര്‍ട്ടി കേന്ദ്രനേതൃത്വം അടിയന്തരയോഗം ചേരുന്നു. ബുധനാഴ്ച ചെങ്ങന്നൂരിലാണ് യോഗം. ഇതിനുള്ള അറിയിപ്പ് ചൊവ്വാഴ്ച വൈകിയാണ് അയച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരോട് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇവരെക്കൂടാതെ മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍ എം.പി. എന്നിവരും പങ്കെടുക്കും. കേന്ദ്രനേതൃത്വത്തെ പ്രതിനിധാനം ചെയ്ത് ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷും ഉണ്ടാകും. പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാവാതെ വിഷമിക്കുന്ന പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജൂലായ് ആദ്യം കേരളത്തിലെത്തുന്നുണ്ട്. അതിനുമുമ്പ് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുകയാണ് ചെങ്ങന്നൂര്‍ യോഗത്തിന്റെ ലക്ഷ്യം.

കുമ്മനം രാജശേഖരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ആര്‍.എസ്.എസ്. സംസ്ഥാന നേതൃത്വവുമായും അമിത് ഷാ ചര്‍ച്ച നടത്തുന്നുണ്ട്. കുമ്മനം രാജശേഖരനെ ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെ മിസോറം ഗവര്‍ണറായി നിയമിച്ചതാണ് ആര്‍.എസ്.എസ്.ബി.ജെ.പി. ബന്ധം വഷളായത്.

ആറന്മുളയില്‍ ആര്‍എസ്എസിന്റെ വാര്‍ഷിക ബൈഠക്ക് നടക്കുന്നതിനിടെ, സമീപത്തുള്ള ചെങ്ങന്നൂരില്‍ ബിജെപി ഉന്നതതല യോഗം വിളിച്ചതിന് പ്രത്യേക പ്രാധാന്യം കല്പിക്കപ്പെടുന്നു. സംഘപരിവാറിന്റെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രചാരകന്മാരെ മാറ്റിനിയമിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ വാര്‍ഷിക ബൈഠക്കില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

സംസ്ഥാനത്തെ പ്രധാന ആര്‍എസ്എസ് നേതാക്കളെല്ലാം ആറന്മുളയിലുണ്ട്. ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിനെ കേരളത്തിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന് ആര്‍എസ്എസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. സന്തോഷ് തന്നെയാണ് ചെങ്ങന്നൂരിലെ യോഗത്തില്‍ കേന്ദ്ര പ്രതിനിധിയായെത്തുന്നത്. അമിത് ഷായുടെ വരവിനു മുന്നോടിയായി ദേശീയ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി മുരളീധരറാവു കേരളത്തിലെത്തുന്നുണ്ട്. പുതിയ സംസ്ഥാനാധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ രണ്ടുവിഭാഗവും വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതെ അവരവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. ചെങ്ങന്നൂര്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പാര്‍ട്ടിയിലെ ഉന്നത കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.