'ലളിത, മുകേഷ്  നിങ്ങള്‍ നിങ്ങളുടെ വീട്ടിടങ്ങളില്‍ നിന്ന് മനുഷ്യനാവാനെങ്കിലും പഠിക്കണമായിരുന്നു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2018 09:13 PM  |  

Last Updated: 28th June 2018 10:21 AM  |   A+A-   |  

 

കൊച്ചി: നാലു നടിമാര്‍ അമ്മ എന്ന സംഘടനയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ സംഘടനാ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘടനയിലെ ഇടതുജനപ്രതിനിധികള്‍ക്ക് നേരെയും വിമര്‍ശനം ശക്തമാണ്. ലളിത, മുകേഷ്  നിങ്ങള്‍ നിങ്ങളുടെ വീട്ടിടങ്ങളില്‍ നിന്ന് മനുഷ്യനാവാനെങ്കിലും പഠിക്കണമായിരുന്നു. അതിനു പോലും സാധ്യമാവാതെ ഇത്രയും കാലം ജീവിച്ച നിങ്ങള്‍ നിങ്ങളിലും ചരിത്രത്തിലും പരാജയമാണെന്ന് ശ്രീചിത്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

മനുഷ്യന്‍ ഒരത്ഭുത ജീവിയാണ്. ചുറ്റുപാടുകളില്‍ നിന്ന് പലതും പഠിക്കാനും ഒന്നും പഠിക്കാതിരിക്കാനും കഴിയുന്ന ഒരു അത്ഭുതവിചിത്രജീവി. പഠിക്കാനാവുന്നതിന്റെ ആയിരം തെളിവുകളുണ്ടെങ്കില്‍ പഠിക്കാനാവാത്തതിന്റെ പതിനായിരം തെളിവുകളുണ്ട്.

കഷ്ടം തോന്നുന്നു. ഒ മാധവനെന്ന ആദ്യ കാല കമ്യൂണിസ്റ്റ് നേതാവിന്റെ, നാടകത്തിന് ജനാധിപത്യത്തിന്റെ നാവു നല്‍കിയ കാലത്തിലെ നായകന്റെ മകനാണ് മുകേഷ്. സമരത്തിന്റെ നാടകരൂപവും നാടകത്തിന്റെ സമരരൂപവുമായി മാറിയ ചുവന്നചരിത്രത്തിലെ നായികയാണ് കെ പി എ സി ലളിത. ഇങ്ങനെ എത്രയോ ആര്‍ത്തിരമ്പുന്ന ചരിത്രങ്ങളുടെ പിന്തുടര്‍ച്ചകള്‍ അമ്മയെന്ന പേരില്‍ മമ്മിയായി മാറിയ (പ്രയോഗത്തിന് കെ ജെ ക്ക് കടപ്പാട്) ഈ പീഢകക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം എന്താണ് ചരിത്രത്തില്‍ നിന്ന് പഠിച്ചത്?

ഇന്ന് പുറത്തു വന്ന വിവരമനുസരിച്ച് ഭാവന നേരത്തേ തന്നെ ഈ നടന്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന പരാതി മമ്മിയില്‍ കൊടുത്തിരുന്നു. എന്നിട്ടും ആക്രമണമുണ്ടായപ്പോള്‍ അതിനു പിന്നില്‍ അയാളുണ്ടാവുമെന്ന് ഇവര്‍ക്കു തോന്നിയില്ല! യഥാര്‍ത്ഥക്രിമിനലുകള്‍ സത്യത്തില്‍ അവളെ ഉപദ്രവിച്ചവരല്ല, ഇവരാണ്. തങ്ങള്‍ക്കിടയിലെ ഒരു സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിലിരിക്കുക മാത്രമല്ല, അവള്‍ക്കു നേരെ ആക്രമണമുണ്ടായിട്ടും മുന്‍ പരാതിയുടെ പശ്ചാത്തലം പോലും പരിഗണിക്കാതെ നിലനിന്ന ആ ഉളുപ്പില്ലായ്മയുണ്ടല്ലോ, അതിനടുത്ത് നില്‍ക്കാന്‍ വംശഹത്യാ സമയത്തെ ബലാല്‍സംഗക്കാര്‍ക്കു സാധിക്കുമോ എന്ന് സംശയമാണ്.

ചിതല്‍ വീണ താരപ്പടുമരങ്ങളുടെ മുന്നില്‍ വാ പൊളിച്ചു നിന്നും അപ്പക്കഷ്ണങ്ങള്‍ക്കായി മാത്രം പരസ്പരം പുറംചൊറിഞ്ഞു നിന്നും ജീവിക്കുന്ന ഗണേഷിലും ജഗദീഷിലുമൊന്നും അത്ഭുതപ്പെടുന്നില്ല. പക്ഷേ ലളിത, മുകേഷ്  നിങ്ങള്‍ നിങ്ങളുടെ വീട്ടിടങ്ങളില്‍ നിന്ന് മനുഷ്യനാവാനെങ്കിലും പഠിക്കണമായിരുന്നു. അതിനു പോലും സാധ്യമാവാതെ ഇത്രയും കാലം ജീവിച്ച നിങ്ങള്‍ നിങ്ങളിലും ചരിത്രത്തിലും പരാജയമാണ്. അറപ്പു തോന്നുന്നു, നിങ്ങളെയോര്‍ത്ത്‌