അമ്മയുടെ ഭാഗമായ ഒരാളുടെയും സിനിമ കാണില്ല ; സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും സഹകരിക്കില്ല : ഹരീഷ് വാസുദേവൻ

അങ്ങേയറ്റം പിന്തിരിപ്പനായ, സ്ത്രീവിരുദ്ധരായ, മലയാള സിനിമാ വ്യവസായത്തിലെ അറുവഷളൻ ആൾക്കൂട്ടമാണ് അമ്മ എന്ന പേരിൽ സംഘടിച്ചിരിക്കുന്നത്
അമ്മയുടെ ഭാഗമായ ഒരാളുടെയും സിനിമ കാണില്ല ; സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും സഹകരിക്കില്ല : ഹരീഷ് വാസുദേവൻ

കൊച്ചി : താരസംഘടനയായ അമ്മയിൽ നിന്നും നടിമാരുടെ കൂട്ടരാജിയെ പിന്തുണച്ച് പ്രശസ്ത പരിസ്ഥിതി സാമൂഹ്യ പ്രവർത്തകൻ അഡ്വ. ഹരീഷ് വാസുദേവൻ രം​ഗത്ത്.  നെറികേടിന്റെ ഭാഗമാകാൻ ഇനി ഞങ്ങളില്ല എന്ന് ചില മുൻനിര നടിമാർക്ക് പരസ്യമായി പറയേണ്ടി വന്നത്, കൂലിതർക്കങ്ങളുടെ പേരിലോ സ്വാർത്ഥ ലാഭത്തിനോ അല്ല, മലയാള സിനിമാ വ്യവസായത്തിൽ പണിയെടുത്ത് ജീവിക്കുന്ന ഓരോ പെണ്ണിനും ഭരണഘടന അനുവദിക്കുന്ന ലിംഗസമത്വം എന്ന അവകാശം പോരാടി നേടുന്നതിനാണ്. സ്വന്തം തൊഴിൽ ഇടം പ്രതിസന്ധിയിലാക്കിയും ഈ രാജി പ്രഖ്യാപിച്ച ആ നടിമാർക്ക് പിന്തുണ കൊടുത്തില്ലെങ്കിൽ, ഇന്ന് നാം മൗനം പാലിച്ചാൽ, നമ്മളും ഈ അനീതിയുടെ ഭാഗമാണെന്ന് കാലം വിധിയെഴുതും. ഫേസ്ബുക്ക് പോസ്റ്റിൽ ഹരീഷ് വാസുദേവൻ അഭിപ്രായപ്പെട്ടു. 

അങ്ങേയറ്റം പ്രതിലോമകരമായ, പിന്തിരിപ്പനായ, സ്ത്രീവിരുദ്ധരായ, മലയാള സിനിമാ വ്യവസായത്തിലെ ആ അറുവഷളൻ ആൾക്കൂട്ടമാണ് AMMA എന്ന പേരിൽ സംഘടിച്ചിരിക്കുന്നത്. ഇവരാണ് മലയാളി ഇന്നോളം നേടിയ ലിംഗസമത്വ മൂല്യങ്ങൾക്ക് മേൽ പാട്രിയാർക്കിയുടെ കസേര വലിച്ചിട്ടിരുന്നു കാർക്കിച്ചു തുപ്പുന്നത്. 'അമ്മ' എന്ന സംഘടനയുടെ ഭാഗമായ ഒരാളുടെയും ഒരു സിനിമയും കാണില്ല. ഇവരുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും ഇനി സഹകരിക്കില്ല.

താര രാജാക്കന്മാരും അവരെ പിന്തുണയ്ക്കുന്നവരും വാങ്ങിക്കൂട്ടിയ സ്വത്തുക്കൾക്ക് വരുമാന നികുതി അടയ്ക്കുന്നുണ്ടോ എന്നും രേഖാമൂലം അന്വേഷിക്കും. ഈ മാഫിയാ ബന്ധം വളരുന്നത് കണ്ടുനിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല. അമ്മ എന്ന കൂട്ടായ്മ തെറ്റു തിരുത്തുംവരെ, മലയാളിയുടെ രാഷ്ട്രീയബോധത്തെ പരസ്യമായി ബഹുമാനിക്കുന്നത് വരെ ഈ തീരുമാനത്തിൽ ഉറച്ചു നിൽക്കും. ഹരീഷ് വാസുദേവൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : 

അമ്മയും രാജിയും
-----------------------------
അങ്ങേയറ്റം പ്രതിലോമകരമായ, പിന്തിരിപ്പനായ, സ്ത്രീവിരുദ്ധരായ, മലയാള സിനിമാ വ്യവസായത്തിലെ ആ അറുവഷളൻ ആൾക്കൂട്ടമാണ് AMMA എന്ന പേരിൽ സംഘടിച്ചിരിക്കുന്നത്. ഇവരാണ് മലയാളി ഇന്നോളം നേടിയ ലിംഗസമത്വ മൂല്യങ്ങൾക്ക് മേൽ പാട്രിയാർക്കിയുടെ കസേര വലിച്ചിട്ടിരുന്നു കാർക്കിച്ചു തുപ്പുന്നത്. ഇവരെ പേർത്തും പേർത്തും കണ്ടും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും പണം കൊടുത്തും മിന്നുന്ന 'താരങ്ങൾ ആക്കിയ നമ്മൾ പ്രേക്ഷകരുടെ മുഖത്താണ് ഇപ്പോൾ ആ തുപ്പൽ വീഴുന്നത്. ആ കൂട്ടായ്മയുടെ നെറികേടിന്റെ ഭാഗമാകാൻ ഇനി ഞങ്ങളില്ല എന്ന് ചില മുൻനിര നടിമാർക്ക് പരസ്യമായി പറയേണ്ടി വന്നത്, അവരുടെ കൂലിതർക്കങ്ങളുടെ പേരിലോ സ്വാർത്ഥ ലാഭത്തിനോ അല്ല, മലയാള സിനിമാ വ്യവസായത്തിൽ പണിയെടുത്ത് ജീവിക്കുന്ന ഓരോ പെണ്ണിനും ഭരണഘടന അനുവദിക്കുന്ന ലിംഗസമത്വം എന്ന അവകാശം പോരാടി നേടുന്നതിനാണ്. സ്വന്തം തൊഴിൽ ഇടം പ്രതിസന്ധിയിലാക്കിയും ഈ രാജി പ്രഖ്യാപിച്ച ആ നടിമാർക്ക് പിന്തുണ കൊടുത്തില്ലെങ്കിൽ, ഇന്ന് നാം മൗനം പാലിച്ചാൽ, നമ്മളും ഈ അനീതിയുടെ ഭാഗമാണെന്ന് കാലം വിധിയെഴുതും.

ഒരൽപം വൈകാരികമാവാം, എന്നാലും എനിക്ക് എന്റെ പരിമിതികളിൽ നിന്ന് ചെയ്യാവുന്ന ഒരു കാര്യം ഞാൻ തീരുമാനിച്ചു. 'അമ്മ' എന്ന സംഘടനയുടെ ഭാഗമായ ഒരാളുടെയും ഒരു സിനിമയും ഞാൻ കാണില്ല. പരമാവധി സുഹൃത്തുക്കളോടും ഈ ബഹിഷ്കരണം തുടങ്ങാൻ എന്നാൽ കഴിയുംവിധം ഞാൻ നിർബന്ധിക്കും. ഇവരുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും ഞാൻ ഇനി സഹകരിക്കില്ല. അമ്മയുടെ തീരുമാനത്തോട് വിയോജിപ്പ് അറിയിക്കുന്ന നടീനടന്മാരുടെ ചിത്രങ്ങൾ മാത്രമാവും ഞാൻ ഇനി കാണുക, പ്രോത്സാഹിപ്പിക്കുക.
തീർന്നില്ല, ക്രിമിനലുകളോട് സന്ധി ചെയ്യുന്ന തീയറ്റർ ഉടമകളെ ഇക്കാര്യം എഴുതി അറിയിക്കും, പാർക്കിങ് സ്‌പേസ് മുതൽ നികുതിയടവ് വരെ അവരുടെ മറ്റു പ്രവർത്തനങ്ങൾ നിയമപരമാണോ എന്ന് വിവരാവകാശ നിയമപ്രകാരം അന്വേഷണങ്ങൾ ആരംഭിക്കും. താര രാജാക്കന്മാരും അവരെ പിന്തുണയ്ക്കുന്നവരും വാങ്ങിക്കൂട്ടിയ സ്വത്തുക്കൾക്ക് വരുമാന നികുതി അടയ്ക്കുന്നുണ്ടോ എന്നും രേഖാമൂലം അന്വേഷിക്കും. ഈ മാഫിയാ ബന്ധം വളരുന്നത് കണ്ടുനിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല.

അമ്മ എന്ന കൂട്ടായ്മ തെറ്റു തിരുത്തുംവരെ, മലയാളിയുടെ രാഷ്ട്രീയബോധത്തെ പരസ്യമായി ബഹുമാനിക്കുന്നത് വരെ ഞാനീ തീരുമാനത്തിൽ ഉറച്ചു നിൽക്കും. എന്റെ നൂറുരൂപ കോടികളുടെ സിനിമാവ്യവസായത്തിൽ ഒന്നുമല്ലായിരിക്കാം, എന്നാൽ പലരുടെ പല നൂറുരൂപകളാണ് കോടികളായി മാറുന്നത്. സംഭവിച്ചത് നിങ്ങളുടെ പെങ്ങൾക്കോ സുഹൃത്തിനോ കുടുംബാംഗത്തിനോ ആണെങ്കിൽ നിങ്ങൾ ചെയ്യുന്നതേ ഞാനും ചെയ്യുന്നുള്ളൂ. കഴിയാവുന്നത്ര, ഈ സമരത്തിൽ നമുക്ക് സ്ത്രീത്വത്തെ പിന്തുണയ്ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com