ക്യാമറയില്‍ പതിഞ്ഞു; അത് സ്ത്രീയല്ല പെണ്‍വേഷം കെട്ടിയ മോഷ്ടാവ് 

മോഷണശല്യം കൂടിവന്നപ്പോള്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണ് സ്ത്രീവേഷം കെട്ടിയ കള്ളനാണെന്ന് വ്യക്തമായത്
ക്യാമറയില്‍ പതിഞ്ഞു; അത് സ്ത്രീയല്ല പെണ്‍വേഷം കെട്ടിയ മോഷ്ടാവ് 

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ബിനിനാപുരത്തെ മുപ്പത്തടം കാമ്പിള്ളി റോഡില്‍ വീണ്ടും മോഷ്ടാവെത്തി. ഇക്കുറി പെണ്‍വേഷത്തിലാണ് കള്ളനെത്തിയത്. നാട്ടുകാര്‍ കണ്ട് പിടികൂടുമെന്നുറച്ചപ്പോള്‍ മോഷണശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പൊലീസെത്തി പരിശോധന നടത്തിയെങ്കിലും കള്ളനെ പിടികൂടാനായില്ല. മോഷണശല്യം കൂടിവന്നപ്പോള്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണ് സ്ത്രീവേഷം കെട്ടിയ കള്ളനാണെന്ന് വ്യക്തമായത്. 

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സുഖമില്ലാതിരുന്നതിനാല്‍ കാമ്പിള്ളി റോഡില്‍ വൈലോക്കുഴി വീട്ടിലെ ഭാസ്‌കരന്‍ എന്നയാള്‍ പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് വീടിന്റ വരാന്തയില്‍ ഇരിക്കുമ്പോഴാണ് വഴിയില്‍ ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടത്. ആരാണെന്ന് ഉറക്കെ വിളിച്ച് ചോദിച്ചപ്പോഴേക്കും മതിലിന്റെ മറവിലേക്ക് നീങ്ങി. സംശയം തോന്നി വടിയുമായി ചെന്നപ്പോള്‍ ഓടിമാറുന്നത് കണ്ട് അടുത്തുള്ള വീട്ടുകാരെ വിവരമറിയിച്ചെങ്കിലും ആളെ പിടികൂടാന്‍ കഴിഞ്ഞില്ല.

മോഷണശല്യം കാരണം ഒരുമാസം മുമ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പെണ്‍വേഷം കെട്ടിയെത്തിയ മോഷ്ടാവാണെന്ന് കണ്ടെത്തിയത്. ഇതേ വഴിയിലുള്ള രമേശന്‍ എന്നയാളുടെ വീട്ടിലാണ് മോഷ്ടാവ് ആദ്യം കയറിയതെന്നും കൈയില്‍ എന്തോ സാധനവുമായി ഇവിടെനിന്ന് ഇറങ്ങി മതില്‍ ചാടിക്കടന്ന് ഇടവഴിയിലേക്ക് കടക്കുമ്പോഴാണ് ഭാസ്‌കരന്‍ ഇയാളെ കണ്ടതെന്നും ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് മനസിലായി.   ഇതോടെ കള്ളന്‍ മോഷണശ്രമം ഉപേക്ഷിച്ച്  കടന്നുകളയുകയായിരുന്നു. 

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി  അന്വേഷണം നടത്തി. ആരും പരാതിപ്പെട്ടിട്ടില്ലെങ്കിലും സമീപകാലങ്ങളില്‍ ഇവിടെ മോഷണം പതിവായിരുന്നതിനാല്‍ വിശദമായി അന്വേഷിക്കുമെന്ന് എസ്‌ഐ എബി ജോര്‍ജ്ജ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com