പൊലീസിലെ ദാസ്യപ്പണി ആശങ്ക ഉണ്ടാക്കുന്നതെന്ന് ഹൈക്കോടതി ; സർക്കാരിനോട് വിശദീകരണം തേടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th June 2018 01:39 PM |
Last Updated: 28th June 2018 05:02 PM | A+A A- |

കൊച്ചി: പൊലീസിലെ ദാസ്യപ്പണി പൊതു സമുഹത്തിന് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി. ഗൗരവമേറിയ വിഷയമാണിത്. ദാസ്യപ്പണി വിഷയത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. സർക്കാർ സ്വീകരിച്ച നടപടി എന്താണെന്ന് നാല് ആഴ്ചയ്ക്കുള്ളിൽ വിശദീകരണം നല്കാനാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നിർദേശിച്ചത്.
ദാസ്യപ്പണിയുമായി ബന്ധപ്പെട്ട് ക്യാമ്പ് ഫോളോവേഴ്സ് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പരാതിയിൽ ശക്തമായ ഇടപെടൽ നടത്തിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ എടുത്ത നടപടിയിൽ കോടതി തൃപ്തി അറിയിച്ചു. ക്യാമ്പ് ഫോളോവർമാരെ ഉന്നത ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതിനെതിരെ പൊതുപ്രവർത്തകനായ പി ഡി ജോസഫാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ബറ്റാലിയൻ എഡിജിപിയായിരുന്ന സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ചതോടെയാണ്, പൊലീസിനെ ദാസ്യപ്പണി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഒട്ടുമിക്ക ഐപിഎസ് ഉദ്യോഗസ്ഥരും അനുവദിച്ചതിലേറെ, പൊലീസുകാരെ വീട്ടിലെ പണിക്കായി നിയോഗിച്ചിരുന്നതായി റിപ്പോർട്ടുകളും പുറത്തുവന്നു. ഇതടക്കം ദാസ്യപ്പണിയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നു. വിഷയത്തിൽ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കർശന താക്കീത് നൽകുകയും ചെയ്തിരുന്നു.