അമിത് ഷായുടെ ഫെയ്സ് ബുക്ക് വാളില്‍ ഗ്രൂപ്പ് തിരിഞ്ഞ് തെറിവിളി; ഒരു മലയാളിയെ സംസ്ഥാന  പ്രസിഡന്റാക്കരുതെന്ന്‌ പ്രവര്‍ത്തകര്‍

സംസ്ഥാന നേതൃത്വത്തിലുള്ള നേതാക്കളെല്ലാം കഴിവുകെട്ടവരാണെന്നും അവരെ മാറ്റി പാര്‍ട്ടിയെ രക്ഷിക്കണമെന്നതുമാണ് പലരുടെയും ആവശ്യം. 
അമിത് ഷായുടെ ഫെയ്സ് ബുക്ക് വാളില്‍ ഗ്രൂപ്പ് തിരിഞ്ഞ് തെറിവിളി; ഒരു മലയാളിയെ സംസ്ഥാന  പ്രസിഡന്റാക്കരുതെന്ന്‌ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗുമായി നടിമാരെ പിന്തുണച്ച ബി.ജെ.പി നേതാവ് വി. മുരളീധരന്‍ എം.പിയെയും സോദരി ലസിതാ പാലക്കലിനൊപ്പമെന്ന് പോസ്റ്റിട്ട പികെ കൃഷ്ണദാസിനെയും പൊങ്കാലയിതിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ  ഫേസ്ബുക്ക് വാളിലും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗ്രൂപ്പ് തിരിഞ്ഞാണ് ദേശീയ അധ്യക്ഷന്റെ വാളില്‍ ബിജെപി പ്രവര്‍ത്തകര്‍ തെറി വിളി നടത്തുന്നത്. കേരളത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും കഴിയുമെങ്കില്‍ കേരളത്തിന് പുറത്തുള്ള ആളെ സംസ്്ഥാന പ്രസിഡന്റാക്കാനുമാണ് പ്രവര്‍ത്തകരുടെ ആവശ്യം

യുവമോര്‍ച്ചയുടെ തീപ്പൊരി നേതാവ് ലസിത പാലയ്ക്കലിനോട് ടെലിവിഷന്‍ താരമായ തരികിട സാബു അപമര്യാദയായി പെരുമാറിയ സംഭവം സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ കണ്ടില്ലെന്നു നടിച്ചതാണ് പാര്‍ട്ടി അണികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.ഇതിനിടയിലാണ് 'അവള്‍ക്കൊപ്പ'മെന്ന പോസ്റ്റുമായി സിനിമാ നടിമാര്‍ക്ക് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് വി. മുരളീധരന്‍ രംഗത്തെത്തിയത്. ഈ പോസ്റ്റുനു താഴെ രൂക്ഷമായ ഭാഷയിലായിരുന്നു അണികളുടെ പ്രതികരണം. മുരളീധരനെ തിരുത്തി താനൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ പോസ്റ്റിട്ട പി.എസ് ശ്രീധരന്‍ പിള്ളയ്ക്കും പ്രവര്‍ത്തകര്‍ എട്ടിന്റെ പണി നല്‍കി. വി മുരളീധരന്റെ പഴയകാല പോസ്റ്റുകളുടെ കമന്റ് ബോക്‌സും സൈബര്‍ പോരാളികള്‍ നിറച്ചിട്ടുണ്ട്.

എന്നാല്‍ ഈ അവസരം മുതലെടുത്ത് രംഗത്തെത്തിയ പികെ കൃഷ്ണദാസിനെയും സംഘികള്‍ വിട്ടില്ല. ദാസിന്റെ ഫെയ്‌സ് ബുക്ക് വാളില്‍ അറയ്ക്കുന്ന തെറികളാണ് പലരും പോസ്റ്റ് ചെയ്തത്. അതേസമയം ലസിതയുടെ വിഷയത്തില്‍ പ്രതികരിക്കാതിരുന്ന വി മുരളീധരന്‍ നടിമാരുടെ കാര്യത്തില്‍ പ്രതികരണവുമായെത്തിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് അണപൊട്ടിയ വികാരപ്രകടനങ്ങളും പരാതികളും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് വാളിലുമെത്തിയത്. ദയവായി കേരള ബിജെപി പ്രശ്‌നത്തില്‍ ഇടപെടു. പ്രവര്‍ത്തകരുടെ പിന്തുണയുള്ള അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആളുകള്‍ക്ക് അധികാരം നല്‍കു. ഇവിടെ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ ആരെ എങ്കിലും ചുമതലപ്പെടുത്തു. ആ വരുന്ന ആള് മലയാളിയാവരുതെന്നാണ് ഒരാളുടെ കമന്‍്‌റ്

സംസ്ഥാന നേതൃത്വത്തിലുള്ള നേതാക്കളെല്ലാം കഴിവുകെട്ടവരാണെന്നും അവരെ മാറ്റി പാര്‍ട്ടിയെ രക്ഷിക്കണമെന്നതുമാണ് പലരുടെയും ആവശ്യം. കമന്റുകളിലേറെയും ഇംഗ്ലീഷിലാണെങ്കിലും ദേശീയ അധ്യക്ഷനോട് മലയാളത്തില്‍ പരാതിപ്പെട്ടവരുമുണ്ട്. ലസിത പാലയ്ക്കലിനെ അനുകൂലിക്കാത്ത സംസ്ഥാന നേതാക്കളുടെ നിലപാടിനെതിരെയും പരാതിയുണ്ട്.


ഏതായാലും ബി.ജെ.പി അധ്യക്ഷന്റെ ഫേസ്ബുക്ക് പേജില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരാതി പ്രവഹിക്കുന്നത് ദേശീയ നേതൃത്വവും ഗൗരവത്തിലെടുത്തിട്ടുണ്ടെന്നാണ് സൂചന. അടുത്തയാഴ്ച അമിത് ഷാ കേരളത്തിലെത്താനിരിക്കെ നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകര്‍ തിരിഞ്ഞത് സംസ്ഥാന നേതൃത്വത്തെയും പ്രതിസന്ധിയിലാക്കി.

അധ്യക്ഷ കസേര ലക്ഷ്യമിട്ട് ചരടുവലി നടത്തിയിരുന്ന നേതാക്കള്‍ക്കും ഇതു തിരിച്ചടിയായിരിക്കുകായണ്. മുരളീധരനും ശ്രീധരന്‍ പിള്ളയ്ക്കും പ്രവര്‍ത്തകരില്‍ നിന്നും കണക്കറ്റു കിട്ടിയ സാഹചര്യത്തില്‍ വിവാദ വിഷയത്തില്‍ അഭിപ്രായം പറയാനോ പ്രശ്‌നപരിഹാരത്തിന് ഇറങ്ങാനോ സാധിക്കാത്ത നിസഹായാവസ്ഥയിലാണ് സംസ്ഥാനത്തെ മറ്റു ബി.ജെ.പി നേതാക്കള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com