മഹാരാജാസ് കോളെജില്‍ ഡിഗ്രി അലോട്ട്‌മെന്റ് ലിസ്റ്റില്‍ ക്രമക്കേടെന്ന് പരാതി; വിവരാവകാശം നല്‍കിയതിന് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്ന് പരാതിക്കാരന്‍,സ്വയംഭരണം കിട്ടിയതോടെ തോന്നുംപടിയാണ് കാര്യങ്ങളെന്ന് അധ്യാപകരും

പ്രവേശന ലിസ്റ്റുകളില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്നും മറ്റ് കോളെജുകളില്‍ അഡ്മിഷന്‍ നേടിയ കുട്ടികളുടെ പേര് രണ്ടാം ലിസ്റ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുമാണ് ആക്ഷേപം.
മഹാരാജാസ് കോളെജില്‍ ഡിഗ്രി അലോട്ട്‌മെന്റ് ലിസ്റ്റില്‍ ക്രമക്കേടെന്ന് പരാതി; വിവരാവകാശം നല്‍കിയതിന് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്ന് പരാതിക്കാരന്‍,സ്വയംഭരണം കിട്ടിയതോടെ തോന്നുംപടിയാണ് കാര്യങ്ങളെന്ന് അധ്യാപകരും

കൊച്ചി: മഹാരാജാസ് കോളെജിലെ ഡിഗ്രിപ്രവേശനത്തില്‍ അപാകതയുണ്ടെന്ന് പരാതി. പ്രവേശന ലിസ്റ്റുകളില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്നും മറ്റ് കോളെജുകളില്‍ അഡ്മിഷന്‍ നേടിയ കുട്ടികളുടെ പേര് രണ്ടാം ലിസ്റ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുമാണ് ആക്ഷേപം.

ആലുവ സ്വദേശിയായ സ്വാലിഹ് അഫ്രീദിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. അര്‍ഹതയുണ്ടായിട്ടും അലോട്ട്‌മെന്റ് ലിസ്റ്റില്‍ നിന്ന് പുറത്തായത് കോളെജ് അധികൃതര്‍ നടത്തിയ ക്രമക്കേടിനെ തുടര്‍ന്നാണ് എന്ന് അഫ്രീദി പറയുന്നു. 76 ശതമാനം മാര്‍ക്കാണ് പ്ലസ്ടു പരീക്ഷയില്‍ അഫ്രീദി നേടിയത്. മലയാളത്തിന് എപ്ലസ് ഗ്രേഡും ഉണ്ട്. മഹാരാജാസ് കോളെജ് പ്രസിദ്ധീകരിച്ച ചാന്‍സ് ലിസ്റ്റില്‍ പേരുണ്ടായിരുന്നു.1200 മാര്‍ക് ഇന്‍ഡക്‌സ് ലിസ്റ്റില്‍ നേടിയിട്ടുമുണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു.

മലയാളം വിഭാഗത്തിലേക്കാണ് പരാതിക്കാരന്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. മലയാളം വിഭാഗത്തില്‍ എത്തി പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കിയവരുടെ ലിസ്റ്റും കോളെജ് അധികൃതര്‍ നല്‍കുന്ന ലിസ്റ്റും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് അഫ്രീദീ ആരോപിക്കുന്നു. മഹാരാജാസില്‍ ആദ്യം അഡ്മിഷന്‍ എടുത്ത ശേഷം എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളെജിലേക്ക് ടി സി വാങ്ങി പോയ വിദ്യാര്‍ത്ഥിയുടെ പേര് രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റിലും കോളെജ് അധികൃതര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മാര്‍ക്കുണ്ടായിട്ടും രണ്ടാം ലിസ്റ്റിലും പേരില്ലാതിരുന്നതിനെ തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം കാര്യങ്ങള്‍ അറിയുന്നതിനായി പരാതിയുമായി ചെന്ന തന്നെ മഹാരാജാസ് കോളെജ് പ്രിന്‍സിപ്പല്‍ കെ എന്‍ കൃഷ്ണകുമാര്‍ അപമാനിച്ചുവെന്നും, 'സമയം കളയാതെ മറ്റ് കോളെജുകളില്‍ അഡ്മിഷന് ശ്രമിക്കൂ'വെന്ന് ഉപദേശിക്കുകയും ചെയ്തുവെന്ന് അഫ്രീദി സമകാലിക മലയാളത്തോട് പറഞ്ഞു. പ്രത്യേക വിവരാവകാശ ഓഫീസര്‍ കോളെജില്‍ ഇല്ലെന്നും അതിനാല്‍ പരാതി സ്വീകരിച്ചതിന്റെ രസീത് തരാനാവില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്നും പരാതിക്കാരന്‍ പറയുന്നു.

മെറിറ്റില്‍ മാര്‍ക്കുള്ളവരെ റിസര്‍വേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കാറ്റഗറി തികയ്ക്കുന്നുവെന്നും ആക്ഷേപമുണ്ട്. ഒരു കോളെജില്‍ ഏഴ് അന്ധവിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കാം എന്നിരിക്കെ വൈകിയെത്തിയെന്ന പേരില്‍ ഒരു അന്ധവിദ്യാര്‍ത്ഥിക്ക് പ്രവേശനം നിഷേധിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് അധ്യാപകരും പറയുന്നു.
അതേസമയം ലിസ്റ്റില്‍ അപാകതയുണ്ടെന്ന് ആക്ഷേപമുന്നയിച്ച സ്വാലിഹ് അഫ്രീദിക്ക് 'കോളെജില്‍ പ്രവേശനം നേടുന്നതിനാവശ്യമായ മാര്‍ക്കില്ലെ'ന്നും 'പരാതിയില്‍ കഴമ്പില്ലെ'ന്നും പ്രിന്‍സിപ്പല്‍ കെ എന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. 'അഫ്രീദി ഉന്നയിക്കുന്നത് പോലെ ക്രമക്കേടുകളോ, ലിസ്റ്റില്‍ വൈരുദ്ധ്യമോ ഇല്ലെ'ന്നും പ്രിന്‍സിപ്പല്‍ സമകാലിക മലയാളത്തോട് പറഞ്ഞു. അഫ്രീദി പരാതി നല്‍കിയിരുന്നുവെന്ന കാര്യം അദ്ദേഹം  ശരിവച്ചിട്ടുണ്ട്. ജൂണ്‍ മുപ്പതോടെ ഡിഗ്രിപ്രവേശനം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ രണ്ടിന് ക്ലാസുകള്‍ ആരംഭിക്കാനാണ് കോളെജിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com