ഓട്ടോ, ടാക്സി തൊഴിലാളികൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th June 2018 04:58 PM |
Last Updated: 29th June 2018 04:59 PM | A+A A- |

തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോർ വാഹന തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു. ജൂലൈ മൂന്ന് മുതൽ പണിമുടക്ക് നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിരക്കുകൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളിൽ പെടുന്ന സംസ്ഥാനത്തെ എട്ടു ലക്ഷത്തിൽപ്പരം തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
ടാക്സി കാറുകൾക്ക് 15 വർഷത്തേക്ക് മുൻകൂർ ടാക്സ് തീരുമാനം പിൻവലിക്കുക, വർധിപ്പിച്ച ആർടിഎ ഓഫിസ് ഫീസുകൾ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയർ മീറ്ററുകൾ സീൽ ചെയ്യുന്നത് വൈകിയാൽ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക, ക്ഷേമനിധിയിൽ മുഴുവൻ മോട്ടോർ വാഹന തൊഴിലാളികളെയും ഉൾപ്പെടുത്തുക, അവകാശാനുകൂല്യങ്ങൾ വർധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ മുന്നോട്ടുവെക്കുന്നു.