വിമര്‍ശിക്കുന്നത് നിയമം വായിച്ച് മനസ്സിലാക്കാത്തവര്‍; വിഎസിന് കാനത്തിന്റെ ഒളിയമ്പ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th June 2018 05:34 PM  |  

Last Updated: 29th June 2018 05:34 PM  |   A+A-   |  

 

തിരുവനന്തപുരം:നിയമസഭ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട നിയമഭേദഗതി ബില്ലില്‍ ആശങ്കയറിയിച്ച് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതിന് പിന്നാലെ വിഎസിനെതിരെ ഒളിയമ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബില്ലില്‍ ചില മാറ്റങ്ങള്‍ വന്നപ്പോള്‍ അതിനെതിരെ ചിലര്‍ വലിയ പ്രചാരണം നടത്തുകയാണ്. നിയമം എന്തെന്ന് വായിച്ചുമനസ്സിലാക്കാത്തവരാണ് അതിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്നും കാനം  പറഞ്ഞു

ഉദ്യോഗസ്ഥലത്തില്‍ നിയമത്തിന്റെ അന്തസ്സത്ത ചോര്‍ത്തിക്കളയാനുള്ള സാധ്യതകള്‍ ഭേദഗതിയിലുള്ള സാഹചര്യത്തില്‍ ബില്ലിനെ കുറിച്ച് പലരും ആശങ്കള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നായിരുന്നു വിഎസിന്റെ വിമര്‍ശനം.  ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും വിഎസ് അഭിപ്രായപ്പെട്ടു.

ഭേദഗതിക്കെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. സംഹാര നിയമമാണെന്ന് പറഞ്ഞ് ബില്‍ നിയമസഭയില്‍ കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പുതിയഭേദഗതി മൂലം ഒരിഞ്ചു നെല്‍വയല്‍ പോലും നികത്തപ്പെടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പദ്ധതികള്‍ക്കുള്ള കാലതാമസം ഒഴിവാക്കിയാണ് പ്രാദേശിക സമിതകള്‍ക്ക് അധികാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമെ ഇളവനുവദിക്കുവെന്നും ഒരിഞ്ചുപോലും നെല്‍വയല്‍ നികത്തപ്പെടില്ലെന്നുമായിരുന്നു നിയമസഭയില്‍ റവന്യൂമന്ത്രിയുടെ പ്രതികരണം.