സര്‍ക്കാര്‍ സ്‌കൂള്‍ ചാക്കിട്ടു പിടിത്ത ഭീഷണിയില്‍; കുട്ടികളെ തട്ടിയെടുക്കുന്നത് ഏയ്ഡഡ് സ്‌കൂളുകള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2018 04:09 AM  |  

Last Updated: 29th June 2018 04:09 AM  |   A+A-   |  

school-759

 

കുറ്റിക്കാട്ടുകര; ഗവണ്‍മെന്റ് സ്‌കൂളിലെ കുട്ടികളെ പ്രലോഭിപ്പിച്ച് ഏയ്ഡഡ് സ്‌കൂളുകളില്‍ ചേര്‍പ്പിക്കുന്നതായി പരാതി. ഏലൂര്‍ നഗരസഭയിലെ കുറ്റിക്കാട്ടുകര ഗവ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് തൊട്ടടുത്തുള്ള ഏയ്ഡഡ് സ്‌കൂള്‍ ചാക്കിട്ടുപിടിച്ചത്. പത്ത് വിദ്യാര്‍ത്ഥികളാണ് ടിസിയും അല്ലാതെയും ഏയ്ഡഡ് സ്‌കൂളില്‍ ചേര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ അധികൃതര്‍ വിഭ്യാഭ്യാസ ഉപജില്ല ഓഫീസര്‍ക്ക് പരാതി നല്‍കി. 

കുറ്റിക്കാട്ടുകര ഗവണ്‍മെന്റ് സ്‌കൂളില്‍ ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെയാണ് ഏയ്ഡഡ് സ്‌കൂള്‍ ചാക്കിലാക്കിയത്. സ്‌കൂളില്‍ പഠിക്കുകയും പ്രവേശന രജിസ്റ്ററില്‍ പേരിള്ളതുമായ കുട്ടികള്‍ക്ക് ടിസി വാങ്ങിയും അല്ലാതെയും ഏയ്ഡഡ് സ്‌കൂള്‍ പ്രവേശനം നല്‍കുകയായിരുന്നു. ഒന്നാം ക്ലാസിലെ രണ്ട് കുട്ടികളും മൂന്നാം ക്ലാസിലെ രണ്ടു കുട്ടികളും അഞ്ചും ഏഴും ക്ലാസുകളിലെ ഓരോ കുട്ടികളും ടിസിയോ അനുബന്ധ രേഖകളോ ഇല്ലാതെയാണ് പ്രവേശിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഇതിന് മുന്‍പ് നാല് കുട്ടികളെ ടിസി വാങ്ങി സ്‌കൂളില്‍ ചേര്‍ത്തതായും പറയുന്നു. 

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ചാക്കിട്ടുപിടുത്തമുണ്ടായി. അന്ന് ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്ന് കൊണ്ടുപോയി പ്രവേശനം നല്‍കിയ രണ്ട് കുട്ടികളെ പരാതിയെത്തുടര്‍ന്ന് തിരിച്ചയച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത്തവണ 15 കുട്ടികളാണ് ഗവണ്‍മെന്റ് സ്‌കൂളില്‍ പ്രവേശനം നേടിയത്. എന്നാല്‍ കുട്ടികളുടെ താല്‍പ്പര്യപ്രകാരമാണ് കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തത് എന്നാണ് ഏയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.