ഇനി വഞ്ചിക്കപ്പെട്ട് വിഷമീന്‍ തിന്നേണ്ട ഗതികേടില്ല; നന്ദി പറയേണ്ടത് ഈ രണ്ട് കൂട്ടുകാരികളോട് 

കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരായ ലാലിയും പ്രിയയുമാണ് വിഷമീനുകളെ കുടുക്കാനുള്ള കണ്ടെത്തലിന് പിന്നില്‍.
ഇനി വഞ്ചിക്കപ്പെട്ട് വിഷമീന്‍ തിന്നേണ്ട ഗതികേടില്ല; നന്ദി പറയേണ്ടത് ഈ രണ്ട് കൂട്ടുകാരികളോട് 

ന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മീനുകളില്‍ വന്‍തോതില്‍ ഫോര്‍മാലിനും അമോണിയയും കലര്‍ത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ എല്ലാവരും ആശങ്കയിലാണ്. ഈ ആശങ്കയ്ക്ക് ഒരു പരിധിവരെയെങ്കിലും വിരാമമിട്ടത് വിഷാംശമുള്ള മീനുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിയാനുള്ള വിദ്യ വികസിപ്പിച്ചെടുത്തു എന്ന വാര്‍ത്തയാണ്. എന്നാല്‍ ഇതിന് ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സഹായിച്ചത് കൂട്ടുകാരികളായ രണ്ട് ശാസ്ത്രജ്ഞരാണെന്നത് അധികമാര്‍ക്കും അറിയില്ല. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി(സിഫ്റ്റ്)യിലെ ശാസ്ത്രജ്ഞരായ ലാലിയും പ്രിയയുമാണ് വിഷമീനുകളെ കുടുക്കാനുള്ള കണ്ടെത്തലിന് പിന്നില്‍. 

മീനുകളിലെ ഫോര്‍മാലിന്‍ അമോണിയ പ്രയോഗത്തെകുറിച്ച് വ്യാപകമായി പരാതികള്‍ വന്ന സാഹചര്യത്തിലാണ് ഇത് കണ്ടെത്താനുള്ള മാര്‍ഗം വികസിപ്പിക്കാന്‍ സിഫ്റ്റ് തീരുമാനിച്ചത്. പ്രൊജക്ട് ചുമതല ലാലിയെയും പ്രിയയെയും ഏല്‍പ്പിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ മീനിലെ മായം കണ്ടെത്താനുള്ള വിദ്യ വികസിപ്പിക്കണമെന്നതുതന്നെയായിരുന്നു ഇവര്‍ക്ക് മുന്നിലെ വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ ലാബില്‍ പോകാതെ മീന്‍ പരിശോധിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ രീതി കണ്ടെത്താനാണ് ഇവര്‍ ശ്രമിച്ചത്. ഇതാണ് പിന്നീട് പേപ്പര്‍ സ്ട്രിപ്പിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ഒരു വര്‍ഷത്തെ ഇരുവരുടെയും പരിശ്രമം ഒടുവില്‍ വിജയകരമാകുകയായിരുന്നു. 

പനങ്ങാട് ഫിഷറീസ് കോളേജില്‍ ഒന്നിച്ചുപഠിച്ച ലാലിയും പ്രിയയും അന്നുമുതല്‍ സുഹൃത്തുക്കളാണ്. ലാലിയാണ് ആദ്യം സിഫ്റ്റില്‍ ചേര്‍ന്നത്. പിന്നാലെ പ്രിയയും എത്തി. ലാലി സിഫ്റ്റില്‍ എത്തിയിട്ട് ഇപ്പോള്‍ ആറുവര്‍ഷമായി. പ്രിയ മൂന്ന് വര്‍ഷവും.

അടുത്തകാലത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനകളിലെല്ലാം ഇവര്‍ വികസിപ്പിച്ച പേപ്പര്‍ സ്ട്രിപ്പുകളാണ് ഉപയോഗിച്ചത്. ഇവ വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള ശ്രമവും സിഫ്റ്റ് നടത്തുന്നുണ്ട്. രണ്ടാഴ്ചയ്ക്കകം മീനില്‍ വിഷസാന്നിധ്യം കണ്ടെത്താനുള്ള സ്ട്രിപ്പുകള്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മീനിലെ മായം കണ്ടെത്തുന്നതിന് മുമ്പുതന്നെ പല സംവിധാനങ്ങളും ഉണ്ടായിരുന്നെങ്കിലും ഈ പരിശോധനകള്‍ക്കെല്ലാം ആഴ്ചകള്‍ വേണ്ടിവരുമെന്നത് പ്രശ്‌നം തന്നെയായിരുന്നു. എന്നാല്‍ പുതിയ സംവിധാനം ഉപയോഗിച്ച് ഒന്നോ, രണ്ടോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മീന്‍ വിഷം കലര്‍ന്നതാണോ എന്ന് കണ്ടെത്താന്‍ കഴിയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com