ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ ലൈംഗിക പീഡനം : അന്വേഷണം ക്രൈംബ്രാഞ്ചിന് 

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടിയിരുന്നു
ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ ലൈംഗിക പീഡനം : അന്വേഷണം ക്രൈംബ്രാഞ്ചിന് 

തിരുവനന്തപുരം : ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നല്‍കി. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. കുമ്പസാര രഹസ്യം മറയാക്കി അഞ്ച് വൈദികർ യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ ഭർത്താവാണ് ആരോപണം ഉന്നയിച്ചത്. 

വിഷയത്തില്‍ സഭയ്ക്ക് ലഭിച്ച തെളിവുകള്‍ പൊലീസിന് കൈമാറാന്‍ തയ്യാറാണെന്ന് സഭ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക ആരോപണം ഉന്നയിച്ച വീട്ടമ്മയുടെ ഭര്‍ത്താവ്, തന്റെ പക്കലുള്ള തെളിവുകള്‍ പൊലീസിന് കൈമാറാമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, സഭ നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ ഇന്നലെ വൈകീട്ട് തെളിവെടുപ്പ് ആരംഭിച്ചു. പരാതിക്കൊപ്പം സമര്‍പ്പിച്ച വാട്‌സ് ആപ്പ് രേഖകളുടെ അടക്കം തെളിവുകളുടെ ഒറിജിനല്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടമ്മയുടെ ഭര്‍ത്താവ് തെളിവുകളുടെ ഒറിജിനല്‍ ഹാജരാക്കാതിരുന്നതെന്നാണ് സൂചന.
 

ലൈംഗിക ആരോപണ വിവാദത്തില്‍ പരാതി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം സ്ഥിരീകരിച്ചിരുന്നു. അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭര്‍ത്താവായിരുന്നു സഭാ നേൃത്വത്തിന് പരാതി നല്‍കിയത്. വിവാദവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികര്‍, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികര്‍ എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് പരാതി ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. അന്വേഷണം നടക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും നിരപാരാധികളെ ശിക്ഷിക്കില്ലെന്നും സഭ നേതൃത്വം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com