കെവിൻ വധം : 'മുഖ്യ സൂത്രധാര നീനുവിന്റെ അമ്മ രഹ്ന'യെന്ന് സാക്ഷി അനീഷ് ; 'കെവിന്‍റേത് മുങ്ങിമരണമല്ല'

ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച നേരിട്ട് ഹാജരാകാൻ നീനുവിന്റെ അമ്മ രഹ്നയോട് പൊലീസ് ആവശ്യപ്പെട്ടു
കെവിൻ വധം : 'മുഖ്യ സൂത്രധാര നീനുവിന്റെ അമ്മ രഹ്ന'യെന്ന് സാക്ഷി അനീഷ് ; 'കെവിന്‍റേത് മുങ്ങിമരണമല്ല'

കോട്ടയം: കോട്ടയത്ത് ദുരഭിമാന കൊലയ്ക്കിരയായ കെവിന്റേത് മുങ്ങിമരണമല്ലെന്ന് ബന്ധുവും കേസിലെ പ്രധാന സാക്ഷിയുമായ അനീഷ്. ഷാനു അടക്കമുള്ളവര്‍ കെവിനെ മുക്കി കൊന്നതാണ്. സത്യം പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷിക്കണമെന്നും അനീഷ് പറഞ്ഞു. കേസിൽ പ്രതിഭാഗം ആവശ്യപ്പെട്ടതുപോലെ നുണപരിശോധനയ്ക്കു തയാറാണെന്നും അനീഷ് വ്യക്തമാക്കി. 

വെള്ളത്തിൽ വീഴുമ്പോൾ കെവിന് ജീവനുണ്ടായിരുന്നുവെന്നും, ഹൃദയം പ്രവർത്തിച്ചിരുന്നുവെന്നും ഫോറൻസിക് പരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അനീഷിന്റെ പ്രതികരണം. മുട്ടറ്റം വെള്ളമുള്ള ചാലിയക്കരയാറ്റില്‍ കെവിന്‍ എങ്ങനെ മുങ്ങിമരിക്കും.  ബോധമില്ലാതിരുന്ന കെവിനെ, ഷാനു അടക്കമുള്ളവര്‍ മുക്കി കൊന്നതാകാമെന്ന് അനീഷ് പറഞ്ഞു. 

കെവിന്‍ വധക്കേസില്‍ മുഖ്യസൂത്രധാര നീനുവിന്‍റെ അമ്മ രഹ്നയാണ്. ഗൂഢാലോചനയില്‍ അടക്കം രഹ്‍നക്ക് പങ്കുണ്ട്. ഇവര്‍ കെവിനെ രണ്ട് തവണ ഭീഷിപ്പെടുത്തിയിരുന്നു. കെവിനെയും നീനുവിനെയും വകവരുത്തുമെന്നു കേസിലെ പ്രതി നിയാസിനോടൊപ്പമെത്തി രഹ്ന പരസ്യമായി പറഞ്ഞിരുന്നു. തെളിവുകളുണ്ടായിട്ടും രഹ്നയെ പ്രതിയാക്കാത്തതു കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും അനീഷ് ആരോപിക്കുന്നു. 

മേയ് 27നാണ് കെവിനെയും ബന്ധു അനീഷിനെയും മാന്നാനത്തെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. ഇതിനു തലേദിവസം രഹ്ന മാന്നാനത്തെ കെവിൻ താമസിച്ചിരുന്ന അനീഷിന്റെ വീട്ടിലെത്തി പരസ്യമായി ഭീഷണിമുഴക്കിയിരുന്നു. അനീഷും പ്രദേശവാസികള്‍ ചിലരും ഇക്കാര്യം അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എന്നാൽ ഇതുവരെ രഹ്നയെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല. ഇത് കേസ് അട്ടിമറിക്കുന്നതിനാണ്. ഈ സാഹചര്യത്തിൽ കേസ് സിബിഐയ്ക്ക് കൈമാറണമെന്നും അനീഷ് ആവശ്യപ്പെട്ടു. 

അതിനിടെ നീനുവിന്റെ മാതാവ് രഹ്നയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ചോദ്യം ചെയ്യലിനായി കോട്ടയം ഡിവൈഎസ്പിയുടെ ഓഫീസിൽ ചൊവ്വാഴ്ച ഹാജരാകണമെന്നും പൊലീസ് രഹ്നയോട് ആവശ്യപ്പെട്ടു. കേസിൽ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു, ഇയാളുടെ സുഹൃത്തുക്കളായ കൂട്ടാളികൾ എന്നിവർ പിടിയിലായിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് രഹ്നയെ ഇതുവരെ ചോദ്യം ചെയ്യാത്തത് വൻ വിമർശനത്തിന് വഴിവെച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com