കേരളത്തിലേത് അസാധാരണ സാഹചര്യം ;  ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അമിത് ഷായുടെ മുന്നറിയിപ്പ്

കേരളത്തിലെ സ്ഥിതിവിശേഷങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ മുരളീധര്‍ റാവുവിനോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്
കേരളത്തിലേത് അസാധാരണ സാഹചര്യം ;  ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അമിത് ഷായുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : കേരളത്തിലെ ബിജെപിയിലേത് അസാധാരണ സാഹചര്യമെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷാ. സംസ്ഥാനത്തെ നേതാക്കല്‍ ഗ്രുപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ കടുത്ത നടപടി സ്വീകരിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി. അമിത് ഷായുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി പ്രളയമാണ് നടത്തിയത്. ഇത് കണക്കിലെടുത്താണ് ഷായുടെ ഇടപെടല്‍. 

കേരളത്തിലെ പാര്‍ട്ടിയിലെ സ്ഥിതിവിശേഷങ്ങളെ സംബന്ധിച്ച, ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തിന്‍രെ ചുമതലയുള്ള ദേശീയ നേതാവ് മുരളീധര്‍ റാവുവിനോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കിലെ കൂട്ടപ്പരാതികളുടെ ഹിന്ദി പരിഭാഷ ലഭ്യമാക്കാനും അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. മുരളീധര്‍ റാവു ഞായറാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിട്ട് മാസങ്ങളായെങ്കിലും, ഗ്രൂപ്പ് ചേരിതിരിവ് രൂക്ഷമായതിനെ തുടര്‍ന്ന്  ഇതുവരെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനായിട്ടില്ല. 

കേന്ദ്രനേതൃത്വം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുരേന്ദ്രനെ മനസ്സില്‍ കണ്ടിരുന്നെങ്കിലും, പി കെ കൃഷ്ണദാസ് പക്ഷവും ആര്‍എസ്എസ് സംസ്ഥാന നേതാക്കളും ഇതിനെതിരെ രംഗത്തു വരികയായിരുന്നു. എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ഇവര്‍ പകരം മുന്നോട്ട് വെച്ചത്. വി മുരളീധരന്‍ പക്ഷക്കാരനായ കെ സുരേന്ദ്രനെ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടിയോട് സഹകരിക്കില്ലെന്നും അവര്‍ നേതൃത്വത്തെ അറിയിച്ചു. 

തുടര്‍ന്ന് സമവായ ചര്‍ച്ചകള്‍ക്കായി കേന്ദ്രനേതാക്കളായ ബിഎല്‍ സന്തോഷ്, എച്ച് രാജ തുടങ്ങിയവര്‍ സംസ്ഥാനത്തെത്തിയെങ്കിലും ധാരണയിലെത്താനായിരുന്നില്ല. ഇതോടെ കുമ്മനത്തെ പോലെ, നിലവിലെ ബിജെപി സംസ്ഥാന നേതൃനിരയ്ക്ക് പുറത്ത് നിന്ന് ഒരാളെ സംസ്ഥാന അധ്യക്ഷനാക്കുന്ന കാര്യവും പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചനയിലുണ്ട്. ആര്‍എസ്എസ് നേതാക്കളായ ബാലശങ്കര്‍, നന്ദകുമാര്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ചൊവ്വാഴ്ച അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. ഇതിനകം പ്രശ്‌നപരിഹാരം സാധ്യമാക്കാനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com