'നീ ഈ വണ്ടിയില്‍ കയറാന്‍ വാ, ഞാന്‍ കാണിച്ചു തരാം'; ഭീഷണിപ്പെടുത്തിയ കണ്ടക്റ്ററുടെ പണി തെറിപ്പിച്ച് വിദ്യാര്‍ത്ഥിനി

ചീത്ത പറഞ്ഞതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ലക്ഷ്മി പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കണ്ടക്റ്ററുടെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങുകയാണ് അധികൃതര്‍
'നീ ഈ വണ്ടിയില്‍ കയറാന്‍ വാ, ഞാന്‍ കാണിച്ചു തരാം'; ഭീഷണിപ്പെടുത്തിയ കണ്ടക്റ്ററുടെ പണി തെറിപ്പിച്ച് വിദ്യാര്‍ത്ഥിനി

കൊച്ചി; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ വണ്ടിയില്‍ കയറുന്നത് ചതുര്‍ത്തിയാണ്. നക്കാപ്പിച്ച പൈസ തന്ന് ബസില്‍ തിരക്കുണ്ടാക്കാന്‍ വന്നിരിക്കുകയാണ് എന്ന ചിന്തയാണ് അവര്‍ക്ക്. പലപ്പോഴും മറ്റുള്ളവരുടെ മുന്നിലിട്ട് കുട്ടികളെ വഴക്കുപറയാനും നാണം കെടുത്താനും ഇവര്‍ മടിക്കാറില്ല. എന്നാല്‍ ചീത്തയും കേട്ട് തിരികെ പോകുന്ന പഴയ പിള്ളേരല്ല ഇപ്പോള്‍. അനാവശ്യം പറഞ്ഞാല്‍ നല്ല പണി കൊടുക്കാനും അവര്‍ക്കറിയാം. കഴിഞ്ഞ ദിവസം അനാവശ്യമായി ചീത്ത പറഞ്ഞ കണ്ടക്റ്ററുടെ പണി തെറിപ്പിച്ചിരിക്കുകയാണ് ലക്ഷ്മി വി. രാജ് എന്ന പത്താംക്ലാസ് കാരി.

ചീത്ത പറഞ്ഞതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ലക്ഷ്മി പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കണ്ടക്റ്ററുടെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങുകയാണ് അധികൃതര്‍. വല്ലാര്‍പാടം സ്വദേശി വിജയരാഘവന്റെ മകള്‍ ലക്ഷ്മിയാണ് കഥയിലെ ഹീറോ. കഴിഞ്ഞ ബുധനാഴ്ചയാണ് എറണാകുളം ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി വളഞ്ഞമ്പലത്തു നിന്നും ഹൈക്കോര്‍ട്ട് ജംഗ്ഷനിലേക്ക് ബസ് കയറി. ജനാലയുടെ അരികിലെ സീറ്റിലാണ് ലക്ഷ്മിയും കൂട്ടുകാരിയും ഇരുന്നത്. ജനാല സ്വല്‍പം തുറന്ന നിലയിലായിരുന്നു. അപ്പോള്‍ ലക്ഷ്മി ജനാല തുറക്കാന്‍ ശ്രമിച്ചു.

ഇത് കണ്ട് കണ്ടക്റ്റര്‍ ദേഷ്യപ്പെടാന്‍ തുടങ്ങി. കയറിയപ്പോള്‍ തന്നെ നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു ചീത്തവിളി. 'ജനാല താഴ്ത്തടീ' എന്ന് ആക്രോശിക്കുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് ടിക്കറ്റ് കൊടുക്കുന്നതിന് ഇടയില്‍ കണ്ടക്റ്റര്‍ ചീത്ത വിളി തുടര്‍ന്നു. ജനാല പൊക്കിയത് താനല്ലെന്ന് പറഞ്ഞു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ലക്ഷ്മിയേയും കൂട്ടുകാരികളേയും അയാള്‍ കളിയാക്കുകയും ചീത്തപറയുകയും ചെയ്തു. ഹൈക്കോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ 'നീ ഈ വണ്ടിയില്‍ കയറാന്‍ വാ, ഞാന്‍ കാണിച്ചു തരാം'.എന്നായിരുന്നു ഭീഷണി. 

എന്നാല്‍ ഇതിലൊന്നും ലക്ഷ്മി കുലുങ്ങിയില്ല. ബസിന്റെ നമ്പര്‍ എഴുതിയെടുത്ത് വിദ്യാര്‍ത്ഥി എറണാകുളം ട്രാഫിക് സ്റ്റേഷനില്‍ പരാതി നല്‍കി. വൈറ്റില- വൈറ്റില സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന ബസായിരുന്നു ഇത്. സംഭവത്തില്‍ കണ്ടക്റ്ററില്‍ നിന്ന് പിഴ ഈടാക്കി. ഇത് കൂടാതെയാണ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി. പണം കൊടുത്ത് കേസ് ഒതുക്കി തീര്‍ക്കാന്‍ ബസ്സുകാര്‍ ശ്രമിച്ചെങ്കിലും ലക്ഷ്മിയും അച്ഛനും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com