പെര്‍ഫോമന്‍സ് അവിടെ നില്‍ക്കട്ടെ പൊലീസിനെ വല്യ വിശ്വാസമില്ലെന്ന് മലയാളികള്‍

കേരളപ്പൊലീസിനെ ജനങ്ങള്‍ക്ക് തീരെ വിശ്വാസമില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.ഒറ്റയ്ക്ക് മക്കളെ സ്റ്റേഷനിലേക്ക് വിടുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യെന്നാണ് മലയാളികള്‍ പറയുന്നത്.
പെര്‍ഫോമന്‍സ് അവിടെ നില്‍ക്കട്ടെ പൊലീസിനെ വല്യ വിശ്വാസമില്ലെന്ന് മലയാളികള്‍

തിരുവനന്തപുരം: പൊലീസ് എന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെങ്കിലും കേരളപ്പൊലീസിനെ ജനങ്ങള്‍ക്ക് തീരെ വിശ്വാസമില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.ഒറ്റയ്ക്ക് മക്കളെ സ്റ്റേഷനിലേക്ക് വിടുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത മലയാളികള്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട വിഷയത്തിനായാല്‍പോലും ഒറ്റയ്ക്കുള്ള പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശനം അത്ര സുഖകരമല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.എന്‍ജിഒ ആയ കോമണ്‍ കോസും, സിഎസ്ഡിഎസ്സും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍.

രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനത്തെ കുറിച്ചും, ജനങ്ങള്‍ക്ക് പൊലീസിന്റെ പ്രവര്‍ത്തനത്തിലുള്ള തൃപ്തിയെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമായിരുന്നു സര്‍വ്വേ. പ്രവര്‍ത്തനക്ഷമതയില്‍ കേരള പൊലീസ് ഒന്നാമതെത്തിയെങ്കിലും ജനകീയ വിശ്വാസത്തില്‍ ഏഴാം സ്ഥാനമാണ് ലഭിച്ചത്.മറ്റ് സംസ്ഥാനങ്ങളില്‍ പൊലീസില്‍ രാഷ്ട്രീയ ഇടപെടല്‍ കൂടുതലാണെന്നും കേരളത്തില്‍ താരതമ്യേനെ സ്വതന്ത്രമായ പ്രവര്‍ത്തനമാണ് കാണുന്നതെന്നും സര്‍വ്വെ കണ്ടെത്തിയിട്ടുണ്ട്.

പൊലീസിനെ അത്രപേടിയില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം നാലാമതാണ്.ഇത് പൊലീസിന് ലഭിച്ച അഭിനന്ദനമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നിയമത്തെയാണ് ജനങ്ങള്‍ ഭയക്കേണ്ടത്. പൊലീസിനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.പൊലീസിനെ ആരെങ്കിലും പേടിക്കുന്നുണ്ടെങ്കില്‍ അത് പൊലീസ് സംവിധാനത്തിന്റെ പരാജയമാണെന്നും ഡിജിപി പറഞ്ഞു.

അതേസമയം പൊലീസിലെ സ്ത്രീകളുടെയും ദളിത് വിഭാഗങ്ങളുടെയും എണ്ണം വളരെ കുറവാണെന്ന് സര്‍വ്വേ പറയുന്നു.പഞ്ചാബും ഉത്തരാഖണ്ഡുമല്ലാതെ ഒരു സംസ്ഥാനവും ക്വോട്ട പോലും തികച്ചിട്ടില്ല.വനിതാ പൊലീസുകാരുടെ പട്ടികയില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്താണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com