ബിന്ദുവിന്റെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു;  പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച പ്രതിയുടെ സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍

ബിന്ദുവിനെ കാണാനില്ലെന്ന് സഹോദരന്‍ പ്രവീണ്‍കുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്
ബിന്ദുവിന്റെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു;  പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച പ്രതിയുടെ സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍

ആലപ്പുഴ : ചേര്‍ത്തലയില്‍ നിന്ന് യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന മുഖ്യപ്രതിയുടെ സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍. പള്ളിപ്പുറം പഞ്ചായത്ത് 14 ആം വാര്‍ഡില്‍ തൈക്കൂട്ടത്തില്‍ മനോജ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മനോജിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

ദുരൂഹ സാഹചര്യത്തില്‍ കാണാതായ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനും, മുഖ്യപ്രതിയെന്ന് സംശയിക്കുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനും മനോജിന്റെ ഓട്ടോയിലാണ് പതിവായി യാത്രചെയ്തിരുന്നത്. കാണാതാകുന്നതിന് തൊട്ടടുത്തദിവസം ബാഗില്‍ നിറയെ പണവുമായി ഇവര്‍ ഓട്ടോയില്‍ സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍രെ അടിസ്ഥാനത്തിലാണ് മനോജിനെ അന്വേഷണസംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. 

ഭാര്യയെ ജോലിസ്ഥലത്തും മകളെ സ്‌കൂളിലും ആക്കിയശേഷമായിരുന്നു മനോജ് ആത്മഹത്യ ചെയ്തത്. അയല്‍വാസിയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ മനോജിനെ കണ്ടെത്തുന്നത്. ഉടന്‍ ചേര്‍ത്തല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കോടീശ്വരിയായ ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കുത്തിയതോട് സിഐ കഴിഞ്ഞമാസം മനോജിനെ ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. 

ബിന്ദു പത്മനാഭന്‍
ബിന്ദു പത്മനാഭന്‍

ബിന്ദുവിനെ കാണാനില്ലെന്ന് സഹോദരന്‍ പ്രവീണ്‍കുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യനെ ലോക്കല്‍ പൊലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘം ഉള്‍പ്പെടെ മൂന്നു ടീമുകളാണ് കേസ് അന്വേഷിക്കുന്നത്. അന്ന് വ്യക്തമായ തെളിവ് കിട്ടിയില്ലെന്ന കാരണത്താല്‍ ഇയാളെ വിട്ടയച്ചത് അബദ്ധമായെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. 

ചോദ്യം ചെയ്യല്‍ മുറുകിയതോടെ കേസില്‍ കുടുങ്ങുമെന്നും ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷണത്തിലാകുമെന്നും മനസ്സിലാക്കിയ ഇയാള്‍ പണവുമായി മുങ്ങിയതായാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്. അതിനിടെ ബിന്ദുവിന്റെ കോടികള്‍ വിലമതിക്കുന്ന ഇടപ്പള്ളിയിലെ വസ്തു വില്‍പ്പന സംബന്ധിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വസ്തുവില്‍പ്പന നടത്തിയത് വ്യാജ മുക്ത്യാര്‍ തയ്യാറാക്കിയാണെന്ന് കണ്ടെത്തിയതോടെ, ഇവരുടെ മറ്റ് വസ്തു കൈമാറ്റങ്ങളും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com