മുതിര്‍ന്നവര്‍ അപകടം മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു; പരുക്കേറ്റു കിടന്നയാളെ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചത് എട്ടാംക്ലാസുകാരന്‍ 

അപകടം പറ്റി കിടക്കുന്ന അപരിചിതനെ ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ച് മനുഷ്യത്വം എന്തെന്ന് തെളിയിച്ചിരിക്കുകയാണ് കണ്ണന്‍
മുതിര്‍ന്നവര്‍ അപകടം മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു; പരുക്കേറ്റു കിടന്നയാളെ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചത് എട്ടാംക്ലാസുകാരന്‍ 

കുന്നംകുളം; എന്താനാണ് ആവശ്യമില്ലാത്ത പൊല്ലാപ്പ് എടുത്ത് തലയില്‍ വെക്കുന്നത്. അപകടം പറ്റി റോഡില്‍ കിടക്കുന്നവരെ ഒന്ന് നോക്കി തങ്ങളുടെ തിരക്കുകളിലേക്ക് മടങ്ങിപ്പോകുന്ന എല്ലാവരും ചിന്തിക്കുന്നത് ഇങ്ങനെയായിരിക്കും. എന്നാല്‍ ചോരയൊലിപ്പിച്ച് റോഡില്‍ കിടക്കുന്ന ആളെ കണ്ടിട്ടും കാണാതെ പോകാന്‍ കണ്ണന്‍ എന്ന എട്ടാം ക്ലാസുകാരന് കഴിഞ്ഞില്ല. തൃശൂരിലെ കുന്നംകുളത്താണ് എട്ടാം ക്ലാസുകാരന്‍ നാടിന് മാതൃകയായത്. അപകടം പറ്റി കിടക്കുന്ന അപരിചിതനെ ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ച് മനുഷ്യത്വം എന്തെന്ന് തെളിയിച്ചിരിക്കുകയാണ് കണ്ണന്‍.

മുതിര്‍ന്നവര്‍ അപകടത്തിന്റെ ഫോട്ടോ എടുത്തും കണ്ടില്ലെന്ന് നടിച്ചും മാറി നിന്നപ്പോഴാണ് കണ്ണന്‍ സഹായഹസ്തവുമായി രംഗത്തെത്തിയത്. അകതിയൂര്‍ പൂക്കോട്ട് ശ്രീധരന്‍- പ്രീത ദമ്പതികളുടെ മകനായ കണ്ണന്‍ സ്‌കൂളിലേക്കുള്ള ബസ് കയറാനായാണ് ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. അപ്പോഴാണ് സ്റ്റാന്‍ഡില്‍ നിന്ന് തൃശൂര്‍ റോഡിലേക്ക് തിരിഞ്ഞ ബസിന് സൈഡ് കൊടുക്കുന്നതിനിടെ കാണിയാമ്പാല്‍ ചെമ്മണ്ണൂര്‍ റോയ് സ്‌കൂട്ടറില്‍ നിന്ന് വീണത്. തലയ്ക്കും കാലിനും പരുക്കേറ്റ് വീണ് കിടക്കുന്ന റോയിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. 

എല്ലാവരും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുന്നിന്റെ തിരക്കിലായിരുന്നു. എന്നാല്‍ ഇത് കണ്ട കണ്ണന്‍ ഓടിയെത്തി വീണു കിടന്ന സ്‌കൂട്ടര്‍ പ്രയോസപ്പെട്ട് എടുത്തുമാറ്റി. അതുവഴി പോയ ഓട്ടോയ്ക്ക് കൈ കാട്ടിയെങ്കിലും നിര്‍ത്തിയില്ല. മറ്റൊരു ഓട്ടോറിക്ഷ നിര്‍ത്തി. ഓട്ടോ ഡ്രൈവറുടെ സഹായത്തില്‍ കണ്ണന്‍ റോയിയെ വാഹനത്തില്‍ കയറ്റി. അതുവഴി എത്തിയ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ശില്‍പയും ഇവര്‍ക്ക് സഹായവുമായെത്തി. താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചു. ആശുപത്രിയില്‍ ഇവരെ കണ്ട് റോയിയെ തിരിച്ചറിഞ്ഞ പരിചയക്കാരനാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് കണ്ണന്‍ ആശുപത്രി വിട്ടത്. 

ക്ലാസില്‍ എത്താന്‍ വൈകിയത് എന്താണെന്ന് അധ്യാപകന്‍ ചോദിച്ചപ്പോഴാണ് നടന്ന കാര്യം കണ്ണന്‍ പറയുന്നത്. അധ്യാപകന്‍ ഉടന്‍ തന്നെ സംഭവം പ്രധാന അധ്യാപകനെ അറിയിക്കുകയും പ്രത്യേക അസംബ്ലി ചേര്‍ന്ന് കണ്ണനെ അഭിനന്ദിക്കുകയുമായിരുന്നു. ആര്‍ത്താറ്റ് ഹോളിക്രോസ് സിബിഎസ്ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കണ്ണന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com