കമ്പില്‍ തുണികെട്ടിയുണ്ടാക്കിയ മഞ്ചത്തില്‍ മൃതദേഹവും ചുമന്ന് ഇവര്‍ ഇപ്പോഴും മല കയറുകയാണ്; റോഡില്ലാതെ ഒരു ഗ്രാമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2018 04:11 AM  |  

Last Updated: 30th June 2018 04:11 AM  |   A+A-   |  

tribal


തൃശൂര്‍; എത്ര അസുഖം വന്നാലും മലയ്ക്കപ്പാറ വനമേഖലയിലെ അടിച്ചില്‍ത്തൊട്ടി കോളനിക്കാര്‍ക്ക് ആശുപത്രിയില്‍ പോവാന്‍ മടിയാണ്. കാരണം, ആശുപത്രിയില്‍ പോവുക എന്നത് ഇവര്‍ക്ക് വലിയ ചടങ്ങാണ്. അതിന് ആദ്യം ഒരു തുണി മഞ്ചലുണ്ടാക്കണം. കമ്പില്‍ തുണിവെച്ചു കെട്ടിയുണ്ടാക്കുന്ന ഒരു മഞ്ചല്‍. എന്നിട്ട് രോഗിയേയും ചുമന്ന് നാല് കിലോമീറ്റര്‍ കുന്ന് ഇറങ്ങണം. ഇറക്കവും കയറ്റവും വെള്ളച്ചാലുകളുമൊക്കെ താണ്ടിയുള്ള യാത്ര അത്ര സുഖകരമല്ലാത്തതിനാല്‍ പലരും ആശുപത്രിയിലേക്ക് വരാന്‍ തയാറാവില്ല. സുഖമരണം കാത്ത് അവര്‍ കോളനിയില്‍ തന്നെ കഴിയും. 

വികസനങ്ങളെക്കുറിച്ച് മേനിനടിക്കുന്ന നമ്മുടെ കേരളത്തിലാണ് യാത്ര സൗകര്യം പോലുമില്ലാതെ ഒരു വിഭാഗം കഷ്ടപ്പെടുന്നത്. അതിരപ്പിള്ളി മലയ്ക്കപ്പാറയിലുള്ള അടിച്ചില്‍ത്തൊട്ടി കോളനിയിലെ നൂറില്‍പ്പരം കുടുംബങ്ങള്‍ക്കാണ് ചുമടെടുത്ത് ജീവിതം നയിക്കേണ്ടിവരുന്നത്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി തലയിലേറ്റിയാണ് ഇവര്‍ വീടുകളില്‍ എത്തിക്കുന്നത്. അസുഖം വന്നാലും മരിച്ചാലുമെല്ലാം തുണിമഞ്ചല്‍ കെട്ടി കുന്ന് കയറുകയും ഇറങ്ങേണ്ടിയും വരും കോളനി വാസികള്‍ക്ക്.

അടിച്ചില്‍ത്തൊട്ടി കോളനിക്കാര്‍ക്കായി റോഡ് പണിയാന്‍ ഫണ്ടുണ്ട്. എന്നാല്‍ വനംവകുപ്പിന്റെ അനുമതി കിട്ടാത്തതിനാല്‍ റോഡില്ല. അട്ടയുടേയും തോട്ടപ്പുഴുവിന്റെ കടിയും കൊണ്ട് ആനമല റോഡ് വരെ നടക്കണം. രോഗം ബാധിച്ച് ആശുപത്രിയിലേക്ക് പോകുന്നവര്‍ മരിച്ചാല്‍ തുണി മഞ്ചലുമായി കുന്നിന് താഴെ ആളുകള്‍ കാത്തുനില്‍ക്കും. മൃതദേഹം മഞ്ചലില്‍ കിടത്തി വീട്ടിലേക്ക് ചുമന്നുകൊണ്ടുപോകും. കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് മരിച്ച അജിതയും മഞ്ചലില്‍ ഏറിയാണ് വീടിലെത്തിയത്. ഇനി ഇത്ര നാള്‍ തങ്ങളുടെ പ്രീയപ്പെട്ടവരുടെ മൃതദേഹം ചുമക്കേണ്ടിവരും എന്നറിയാത്ത അവസ്ഥയിലാണ് ഇവിടത്തെ താമസക്കാര്‍.