തിലകനെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിക്കണം ; 'അമ്മ'യ്ക്ക് ഷമ്മി തിലകന്റെ കത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th June 2018 09:42 AM |
Last Updated: 30th June 2018 11:31 AM | A+A A- |

തിരുവനന്തപുരം : തിലകനെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് മകനും നടനുമായ ഷമ്മി തിലകന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷമ്മി തിലകന്‍ 'അമ്മ' നേതൃത്വത്തിന് കത്തയച്ചു. അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഷമ്മി തിലകന്‍ ചൂണ്ടിക്കാട്ടി.
അമ്മയിലെ പുതിയ നേതൃത്വം ഇക്കാര്യം പരിശോധിക്കണം. ഇക്കാര്യത്തില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിയില്‍ വിശ്വാസമുണ്ടെന്നും ഷമ്മി തിലകന്‍ കത്തില്‍ സൂചിപ്പിച്ചു. താന്‍ ഇപ്പോഴും 'അമ്മ'യുടെ മകനാണ്. 'അമ്മ'യില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.
നേരത്തെ തിലകന്റെ മകൾ സോണിയയും അമ്മ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. തിലകനെ അച്ചടക്കനടപടിയുടെ പേരില്‍ വിളിച്ചുവരുത്തി 'ഇറങ്ങിപ്പോടോ' എന്നുപറഞ്ഞവരാണ് താരസംഘടനയായ 'അമ്മ'യില്‍ ഉള്ളതെന്ന് തിലകന്റെ മകള്‍ ഡോ. സോണിയ തിലകന്‍ വെളിപ്പെടുത്തി. അന്നു തിലകന്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ പാപഭാരമാണ് ആ സംഘടനയെ വിടാതെ പിന്തുടര്‍ന്ന് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്.
2010ല്‍ അച്ഛനെ പുറത്താക്കുമ്പോള്‍ അച്ഛന്‍ വിശദീകരണം കൊടുത്തില്ല എന്നാണ് താരസംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞത്. താനാണ് അച്ഛന്റെ വിശദീകരണക്കത്ത് അന്നും ഭാരവാഹിയിരുന്ന ഇടവേള ബാബുവിന്റെ കൈയില്‍ കൊടുത്തത്- സോണിയ പറയുന്നു.
താരസംഘടനയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ നേരത്തേ കരാറായ ഏഴുസിനിമകളില്‍ നിന്ന് അച്ഛനെ ഒഴിവാക്കി. അഭിനയിക്കാന്‍ എത്തിയ സിനിമയുടെ ലൊക്കേഷനില്‍നിന്നു മടങ്ങേണ്ട അനുഭവം ഉണ്ടായിട്ടുണ്ട്, അച്ഛന്. ഫെഫ്ക'യും എതിരായി നിന്നു. സംവിധായകന്‍ രഞ്ജിത് ഇന്ത്യന്‍ റൂപ്പി എന്ന ചിത്രത്തില്‍ അച്ഛനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ എതിര്‍പ്പാണുണ്ടായത്. എന്നാല്‍ വിഷമമൊന്നും അച്ഛന്‍ പുറത്തു പറഞ്ഞില്ലെന്നും സോണിയ ചൂണ്ടിക്കാട്ടി.
അമ്മ നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതിനാണ് തിലകനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയത്. ഇതേത്തുടര്‍ന്ന് തിലകന് ലഭിച്ച വേഷങ്ങളില്‍ നിന്നും തിലകനെ ഒഴിവാക്കുന്ന നടപടികള്‍ പോലും ഉണ്ടായിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പോലും മൗനം പാലിച്ചെന്നും ആക്ഷേപം ഉണ്ടായിരുന്നു.