മക്കളെ ഭര്‍ത്താവിനൊപ്പം വിടാന്‍ വിധി; കുടുംബകോടതിയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് യുവതിയുടെ പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2018 10:21 AM  |  

Last Updated: 30th June 2018 10:21 AM  |   A+A-   |  

Family-Law-Judgements

തൊടുപുഴ: കുട്ടികളെ പിതാവിനൊപ്പം വിട്ടുകൊണ്ടുള്ള കോടതിവിധിയില്‍ പ്രതിഷേധിച്ച് യുവതി കുടുംബകോടതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആറ് മാസമായി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതിക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള സാമ്പത്തികശേഷി ഇല്ലെന്നു വിലയിരുത്തി കുട്ടികളെ താല്‍ക്കാലികമായി അച്ഛനൊപ്പം വിട്ടുനല്‍കാന്‍ കോടതി അനുമതി നല്‍ക്കുകയായിരുന്നു. എന്നാല്‍ ഉത്തരവില്‍ പ്രതിഷേധിച്ച് യുവതി കോടതിക്ക് മുന്നില്‍ കുത്തിയിരിക്കാന്‍ തീരുമാനിച്ചു. 

രണ്ടു കുട്ടികളുള്ള ദമ്പതികള്‍ വേര്‍പിരിഞ്ഞതിനുശേഷം ഇളയകുട്ടി അമ്മയ്‌ക്കൊപ്പവും മൂത്ത കുട്ടി അച്ഛനൊപ്പവുമായിരുന്നു താമസിച്ചിരുന്നത്. രണ്ടു കുട്ടികളെയും തനിക്കൊപ്പം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മാതാവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ ഹിയറിങ്ങില്‍ കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാക്കാന്‍ തീരുമാനിച്ചു. ഇതിനുപിന്നാലെ കുട്ടികളെ തിനക്കൊപ്പം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പിതാവ് കോടതിയില്‍ ഹര്‍ജ്ജി നല്‍കി. ഇന്നലെ മാതാപിതാക്കളും കുട്ടികളും ഹാജരായപ്പോള്‍ ഹര്‍ജ്ജി പരിഗണിച്ചുകൊണ്ട് കുട്ടികളെ അച്ഛനൊപ്പം വിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇതേതുടര്‍ന്നാണ് യുവതി കോടതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. 

തൊടുപുഴ കുടുംബകോടതിയില്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോടതി ജീവനക്കാരും പൊലീസും ചേര്‍ന്ന് യുവതിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി കൂട്ടാക്കാതിരുന്നതിനെതുടര്‍ന്ന് വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.