സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് ? ; ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു, അന്വേഷണം സഭാ നേതൃത്വത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th June 2018 02:01 PM |
Last Updated: 30th June 2018 02:01 PM | A+A A- |

കൊച്ചി : സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കള്ളപ്പണ ഇടപാടും നടന്നതായി ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍. കോടികളുടെ കള്ളപ്പണ ഇടപാട് നടന്നതായി ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതായാണ് സൂചന. ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു.
ഭൂമി വിറ്റവരുടെയും ഇടനിലക്കാരുടെയും വീടുകളും സ്ഥാപനങ്ങളും അടക്കം 13 ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഭൂമി വിറ്റ ഇലഞ്ഞിക്കല്‍ ജോസ്, ഇടനിലക്കാരായ എം കെ ഷംസു, സാജു വര്‍ഗീസ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ കണ്ടെത്തിയ രേഖകള്‍ ആദായനികുതി വകുപ്പ് ക്രോഡീകരിക്കുകയാണ്. ഇതിനുശേഷം അന്വേഷണം സഭാ നേതൃത്വത്തിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.
നേരത്തെ ഇടനിലക്കാരന്റെയും ഭൂമി വിറ്റവരുടെയും അക്കൗണ്ടുകളും രേഖകളും പരിശോധിച്ചതില്‍ നിന്നും രേഖകളില്‍ വന്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തി. കോതമംഗലത്തും കോട്ടപ്പടിയിലും കാക്കനാട്ടും നടത്തിയ ഇടപാടുകളിലാണ് കള്ളപ്പണ ഇടപാട് നടന്നത്. രേഖകളില്‍ കാണിച്ചിരിക്കുന്നതിലും കൂടുതല്‍ തുകയ്ക്കാണ് ഇടപാട് നടന്നത്. ഇതു സംബന്ധിച്ച തെളിവുകള്‍ ആദായനികുതി വകുപ്പ് അധികൃതര്‍ക്ക് ലഭിച്ചതായാണ് സൂചന. കൂടാതെ ഇവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ പരിശോധന നടത്താനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.