ബോട്ടുകള്‍ക്ക് മാത്രമല്ല ട്രോളിങ് നിയന്ത്രണം നാടന്‍വള്ളങ്ങള്‍ക്കും വേണം: ഹൈക്കോടതി 

മണ്‍സൂണ്‍ കാലത്ത് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മാത്രമല്ല നാടന്‍വള്ളങ്ങള്‍ക്കും ട്രോളിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
ബോട്ടുകള്‍ക്ക് മാത്രമല്ല ട്രോളിങ് നിയന്ത്രണം നാടന്‍വള്ളങ്ങള്‍ക്കും വേണം: ഹൈക്കോടതി 

കൊച്ചി: മണ്‍സൂണ്‍ കാലത്ത് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മാത്രമല്ല നാടന്‍വള്ളങ്ങള്‍ക്കും ട്രോളിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. നാടന്‍ വള്ളങ്ങള്‍ക്കും പരമ്പരാഗതവഞ്ചിക്കാര്‍ക്കും മീന്‍പിടിത്തം നിയന്ത്രിക്കാനുള്ള ചട്ടങ്ങള്‍ കര്‍ശനമായി ബാധകമാക്കണമെന്നാണ് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

3800 യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മാത്രമാണ് നിലവില്‍ മണ്‍സൂണ്‍കാല ട്രോളിങ്ങിന് വിലക്കുള്ളത്. എന്നാല്‍ 34,200ഓളം യാനങ്ങള്‍ മീന്‍പിടുത്തതിന് വിലക്കില്ല. ഇതില്‍ രണ്ടുശതമാനം ഒഴികെ മറ്റെല്ലാ യാനങ്ങളും പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്തോടെയാണ്. ഹൈക്കോടതി നിര്‍ദേശം നടപ്പായാണ് യന്ത്രങ്ങള്‍ ഘടിപ്പിക്കാത്ത രണ്ടുശതമാനം വരുന്നവ ഒഴികെ മറ്റ് എല്ലാ യാനങ്ങളും ട്രോളിങ് നിരോധന പരിധിയില്‍ ഉള്‍പ്പെടും. 

600 വരെ കുതിരശ്ശക്തിയുള്ള എന്‍ജിനുപയോഗിച്ച് കടലില്‍ പോകുന്ന വലിയ നാടന്‍ വള്ളങ്ങളുണ്ടെന്ന് ചൂണ്ടികാട്ടി ബോട്ടുടമകളുടെ സംഘടനയായ ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ചാര്‍ളി ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ബോട്ടുകള്‍ക്കുമാത്രം നിരോധനം ഏര്‍പ്പെടുത്തിയതും അത് ജൂണ്‍ 15നു പകരം ഒമ്പതിന് തുടങ്ങിയതും വള്ളക്കാരെ സഹായിക്കാനാണെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അപകടമൊഴിവാക്കാനാണ് നിരോധനം നേരത്തേയാക്കിയതെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും അപകടസാധ്യത നാടന്‍വള്ളങ്ങള്‍ക്കുമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. 

എന്നാല്‍ ഈ വര്‍ഷം ട്രോളിങ് കാലാവധി അഞ്ചുദിവസം കൂട്ടിയത് അന്യായമോയോ സ്വച്ഛാപരമോയോ കാണാനാകില്ലെന്ന് കോടതി പറഞ്ഞു. ട്രോളിങ് കാലാവധി കൂട്ടാന്‍ സര്‍ക്കാരിന് ചട്ടപ്രകാരം അധികാരമുണ്ടെന്ന് വിലയിരുത്തി ഈ ആവശ്യം കോടതി തള്ളി.
 
ട്രോളിങ് നിരോധനം സംബന്ധിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ നയമെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഹൈക്കോടതി വിധിയിലെ പുതിയ നിര്‍ദേശം പുനഃപരിശോധിക്കാന്‍ ഹര്‍ജി നല്‍കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com