ലിനിയ്ക്ക് ആദരം: പേരാമ്പ്ര കമ്യൂണിറ്റി ആശുപത്രിയുടെ പുതിയ വാര്‍ഡിന് ലിനിയുടെ പേരിടും

പേരാമ്പ്ര കമ്മ്യൂണിറ്റി ആശുപത്രിയില്‍ പുതുതായി സ്ഥാപിക്കുന്ന വനിതാ വാര്‍ഡിന് നിപ്പ രോഗികളെ പരിചരിച്ച് രോഗബാധിതയായി മരിച്ച സ്റ്റാഫ് നഴ്‌സ് ലിനിയുടെ പേര് നല്‍കും
ലിനിയ്ക്ക് ആദരം: പേരാമ്പ്ര കമ്യൂണിറ്റി ആശുപത്രിയുടെ പുതിയ വാര്‍ഡിന് ലിനിയുടെ പേരിടും

കോഴിക്കോട്: പേരാമ്പ്ര കമ്മ്യൂണിറ്റി ആശുപത്രിയില്‍ പുതുതായി സ്ഥാപിക്കുന്ന വനിതാ വാര്‍ഡിന് നിപ്പ രോഗികളെ പരിചരിച്ച് രോഗബാധിതയായി മരിച്ച സ്റ്റാഫ് നഴ്‌സ് ലിനിയുടെ പേര് നല്‍കും. മന്ത്രി ടി.പി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ലിനി സിസ്റ്ററോടുള്ള ആദര സൂചകമായാണ് തീരുമാനം.

അതേസമയം നിപ്പ രോഗികളെ പരിചരിച്ച് രോഗബാധിതയായി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി സ്റ്റാഫ് നഴ്‌സ് ലിനിസജീഷിന്റെ ഓര്‍മ്മ നിലനിറുത്തുന്നതിനായി ലിനി ഫൗണ്ടേഷന്‍ രൂപീകരിക്കാനും ലിനിയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ ധനസഹായമായി നല്‍കാനും കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.  ജൂലായ് 12ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ തുക കൈമാറും. നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ നഴ്‌സുമാരെയും ചടങ്ങില്‍ ആദരിക്കും.

നിപ്പയുടെ പിടിയില്‍ നിന്ന് രക്ഷപെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥി അജന്യയ്ക്ക് ഒരുലക്ഷം രൂപ നല്‍കും. പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ലിനിയുടെ പേര് നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ആത്മഹത്യ ചെയ്ത സ്റ്റാഫ് നഴ്‌സ് സുരേഷ് ലക്ഷ്മണിന്റെ കുടുംബത്തിന് ഒരുലക്ഷംരൂപ സഹായധനം നല്‍കും. സ്റ്റാഫ് നഴ്‌സ് നിയമനം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് കൂടുതല്‍ സമയം അനുവദിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com