'ശബ്ദരേഖ ചോര്‍ന്നത് അമ്മയില്‍ നിന്നുതന്നെ' ;  പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗണേഷ്

ശബ്ദരേഖ ചോര്‍ന്നത് അമ്മയില്‍ നിന്നാണ്. ആരാണ് ചോര്‍ത്തിയതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും
'ശബ്ദരേഖ ചോര്‍ന്നത് അമ്മയില്‍ നിന്നുതന്നെ' ;  പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗണേഷ്

തിരുവനന്തപുരം : രാജിവെച്ച നടിമാരെയും, അമ്മയ്‌ക്കെതിരെ പ്രതികരിച്ചവരെ അധിക്ഷേപിച്ചുമുള്ള വാട്‌സ് ആപ്പ് ശബ്ദരേഖയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായ കെബി ഗണേഷ് കുമാര്‍. പുറത്തുവന്ന ആ ശബ്ദരേഖ തന്റേത് തന്നെയാണ്. ശബ്ദരേഖ ചോര്‍ന്നത് അമ്മയില്‍ നിന്നാണ്. ആരാണ് ചോര്‍ത്തിയതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. ശബ്ദരേഖയുടെ ഒരുഭാഗം മാത്രമാണ് പുറത്തുവന്നത്. ഒരു വിഭാഗം മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച വാട്‌സ് ആപ്പ് ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

പ്രിയപ്പെട്ട ബാബു, എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന സംഭാഷണത്തില്‍, മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് തുടങ്ങുന്നത്. മാധ്യമങ്ങള്‍ ആരെയും നശിപ്പിക്കുക ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. വിവാദം ഉണ്ടാക്കുന്നത് ഒരു പണിയും ഇല്ലാത്തവരാണ്. ചാനലിലും പത്രങ്ങിലും പേര് വരാനാണ് ഇവരുടെ ശ്രമമെന്നും ഗണേഷ് പറയുന്നു. 

അമ്മ രാഷ്ട്രീയ സംഘടനയല്ല.സിനിമയിലെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിച്ച സംഘടനയാണ്. പൊതുജനങ്ങളുടെ പിന്തുണയൊന്നും നമുക്ക് വേണ്ട. ജനങ്ങളുടെ കൈയറി വാങ്ങാന്‍ വേണ്ടി നടത്തുന്ന സംഘടനയല്ല ഇത്. അതുകൊണ്ട് തന്നെ പൊതുജനങ്ങളുടെ കൈയടിയും നമുക്ക് വേണ്ട. ഫേസ്ബുക്കും പത്രവാര്‍ത്തയും കണ്ട് ഭയക്കേണ്ട.  വാര്‍ത്തകള്‍ രണ്ടു ദിവസം കഴിയുമ്പോള്‍ അവസാനിക്കും. ഒന്നിനോടും പ്രതികരിക്കേണ്ടെന്നും ഗണേഷ് പറയുന്നു. 

രാജിവെച്ച നടിമാരെയും ശബ്ദ സന്ദേശത്തില്‍ ഗണേഷ് ആക്ഷേപിക്കുന്നു. അമ്മയെ വിട്ടുപോയവര്‍ സിനിമയില്‍ സജീവമല്ല. അമ്മയിലും സജീവമല്ല. അവര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരാണ്. രാജിവെച്ചവര്‍ അമ്മയ്ക്ക് എന്നും കുഴപ്പങ്ങളുണ്ടാക്കിയവരാണ്.അമ്മയുടെ സ്റ്റേജ് ഷോകളോടും ഇവര്‍ സഹകരിച്ചിട്ടില്ല.അവര്‍ക്ക് വേറെ സംഘടന ഉണ്ടാക്കാം, പ്രതികരിക്കാം. ഇവര്‍ക്കെതിരെ ഒന്നും പ്രതികരിക്കരുതെന്നും ഗണേഷ് ഇടവേള ബാബുവിനെ ഉപദേശിക്കുന്നു. 

അമ്മയുടെ തീരുമാനത്തിനെതിരെ പ്രതികരിക്കുന്നവരെ വിലവെക്കേണ്ടതില്ല. സംഘടനക്കെതിരായ പ്രതികരണം  പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമമാണ്. ഈ പ്രതികരിച്ചവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയില്ല. ഇതെല്ലാം ഇവര്‍ പത്രത്തില്‍ പേര് വരാന്‍ വേണ്ടി നടത്തുന്നതാണ്. ആളാവാന്‍ വേണ്ടി ഇവര്‍ പലതും പറഞ്ഞോണ്ട് വരും. നമ്മളതിന് കൈ കൊടുക്കരുതെന്നും ശബ്ദ സന്ദേശത്തില്‍ ഗണേഷ് അഭിപ്രായപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com