മാര്‍ച്ച് എട്ടിന് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ വനിതകള്‍ ഭരിക്കും; ചരിത്രം കുറിക്കാന്‍ പൊലീസ് സേന
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st March 2018 11:59 AM |
Last Updated: 01st March 2018 12:03 PM | A+A A- |
അന്താരാഷ്ട്ര വനിത ദിനത്തില്‍ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളെല്ലാം വനിതകള്‍ ഭരിക്കും. മാര്‍ച്ച് എട്ടിന് എല്ലാ സ്റ്റേഷനുകളുടേയും ചുമതല വനിത പൊലീസുകള്‍ക്ക് നല്‍കി ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ പൊലീസ് സേന. സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കാനുള്ള ഗവണ്‍മെന്റ് പോളിസിയുടെ ഭാഗമായാണ് നടപടി. ഇതിനായി എല്ലാ ജില്ലയിലേയും പൊലീസ് മേധാവികള്‍ക്കും സോണല്‍ എഡിജിപിമാര്‍ക്കും റേഞ്ച് ഐജികള്‍ക്കും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രത്യേക നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ പരമാവധി എല്ലാ പൊലീസ് സ്റ്റേഷനുകളിലേയും ചുമതല ഒരു ദിവസത്തേക്ക് വനിത പൊലീസിനെ ഏല്‍പ്പിക്കാനാണ് തീരുമാനം. ഇത്തരം നടപടി മറ്റെവിടെയെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ബെഹ്‌റ പറഞ്ഞു. പൊലീസില്‍ എത്രത്തോളം സ്ത്രീശാക്തീകരണം ആവശ്യമാണെന്ന് ലോകത്തെ കാണിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം മാത്രമായിരിക്കില്ല ആ ദിവസത്തെ എല്ലാ പ്രവര്‍ത്തനങ്ങളും സ്ത്രീകളുടെ കൈയിലായിരിക്കും. ഒരു ദിവസത്തേക്ക് വേണ്ടി ജില്ലയില്‍ നിലവിലുള്ള വനിത പൊലീസുകളെയെല്ലാം ആവശ്യാനുസരണം മാറ്റാന്‍ എല്ലാ മേധാവിമാര്‍ക്കും ബഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എവിടെയെല്ലാം സിഐമാരും എസ്‌ഐമാരുമിണ്ടോ അവരെല്ലാം ഒരു ദിവസം സ്റ്റേഷന്‍ ചുമതല നല്‍കും. ഒരു സ്റ്റേഷനില്‍ കൂടുതല്‍ വനിത എസ്‌ഐമാരുണ്ടെങ്കില്‍ അവരോട് അടുത്തുള്ള പൊലീസ് സ്റ്റേഷന്റെ ചുമതല ഏറ്റെടുക്കാന്‍ പറയും. വനിത ഉദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍ സീനിയര്‍ വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും ചുമതല.
പബ്ലിക് ഇന്റര്‍ഫേയ്‌സിന്റെ ചുമതല വനിത സിപിഒമാര്‍ക്കായിരിക്കും. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുക, പെറ്റീഷന്‍ നോക്കുക, ലഭിച്ച പെറ്റീഷന്‍ അനുസരിച്ച് അന്വേഷണം ആരംഭിക്കുക എന്നിവയാണ് അവരുടെ ചുമതലകള്‍. വനിതകള്‍ക്ക് സ്റ്റേഷന്‍ ചുമതല കൈമാറുന്നതിനായി പ്രത്യേക പദ്ധതി തയാറാക്കാന്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുസരിച്ചായിരിക്കും തീരുമാനം നടപ്പാക്കുക. 55,000 വരുന്ന സേനയില്‍ ഒരു ഡിഎസ്പിയും, 22 വനിത സിഐയും, 167 വനിത എസ്‌ഐയും മാത്രമാണുള്ളത്.