സോളാര്‍: സ്വന്തം സര്‍ക്കാരിന്റെ തീരുമാനങ്ങളെ തള്ളിപ്പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st March 2018 01:48 PM |
Last Updated: 01st March 2018 01:48 PM | A+A A- |

കൊച്ചി: സോളാര്‍ കേസില്‍ സ്വന്തം സര്‍ക്കാരിന്റെ തീരുമാനങ്ങളെ തള്ളിപ്പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍. സോളാര്‍ കമ്മിഷന്‍ നിയമനത്തിലും പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചതിലും അപാകതയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ വാദിച്ചു. സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുന്‍ മുഖ്യമന്ത്രിയുടെ വാദം.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന
ഉമ്മന്‍ ചാണ്ടി വാദിച്ചു. ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇത് തള്ളിക്കളയണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
സോളാര്‍ കമ്മിഷന്റെ നിയമനത്തില്‍ അപാകതയുണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദത്തെ ചോദ്യങ്ങള്‍ കൊണ്ടാണ് കോടതി നേരിട്ടത്. കമ്മിഷനെ നിയമിച്ചത് നിങ്ങള്‍ തന്നെയല്ലേയെന്ന് കോടതി ചോദിച്ചു. പിന്നെ എങ്ങനെയാണ് കമ്മിഷന്റെ നിയമനം നിയമ വിരുദ്ധമാണെന്നു പറയാനാവുക? അന്ന് എന്തുകൊണ്ടാണ് കമ്മിഷനെ എതിര്‍ക്കാതിരുന്നത്? സോളാര്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചുകൊണ്ടുള്ള മന്ത്രിസഭാ രേഖകള്‍ പരിശോധിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.