തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പ് എൽഡിഎഫിന് നേട്ടം; സിപിഎം സീറ്റിം​ഗ് സീറ്റ് ബിജെപി നേടി

 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം.ഉപതെരെഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ തവന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ്  ഭരണം പിടിച്ചു
തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പ് എൽഡിഎഫിന് നേട്ടം; സിപിഎം സീറ്റിം​ഗ് സീറ്റ് ബിജെപി നേടി

കൊച്ചി:  19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം.ഉപതെരെഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ തവന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ്  ഭരണം പിടിച്ചു.  മൂന്നിടത്ത്   യുഡിഎഫ് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോൾ ഒരിടത്ത് യുഡിഎഫ് സിറ്റിംഗ് വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന്‍ വിജയിച്ചു.

മുസ്ലീം ലീഗിന്റെ സിറ്റിംഗ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തതോടെയാണ് തവന്നൂര്‍ പഞ്ചായത്ത്‌ ഭരണം എല്‍ ഡി എഫിന് ലഭിച്ചത്. മുസ്ളീം ലീഗിലെ പഞ്ചായത്തംഗം പി പി അബ്ദുള്‍ നാസര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ്  പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കൂരടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പി പി അബ്ദുള്‍ നാസര്‍ തന്നെയാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 467 വോട്ടാണ് ഭൂരിപക്ഷം. ഇരു മുന്നണികള്‍ക്കും ഒന്‍പതു വീതം സീറ്റുകളുള്ള പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി. മുസ്ളീം കെ കെ അബ്ദുള്‍ നാസറായിരുന്നു  യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. ബിജെപി, പിഡിപി എന്നിവയുടെ സ്ഥാനാര്‍ഥികളും സ്വതന്ത്ര സ്ഥാനാര്‍ഥിയും മത്സരിച്ചിരുന്നു.

പത്തനംതിട്ടയില്‍ യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. തണ്ണിത്തോട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡാണ് യു‍ഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്.  ടിജോ തോമസ്(എല്‍ഡിഎഫ് സ്വത.) ആണ് വിജയിച്ചത്. 
കൊല്ലത്ത് ഉമ്മനൂര്‍ പഞ്ചായത്തിലെ അളൂരിലും യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫില്‍ നിന്ന് ബി യു രാധാമണി അമ്മ (കേരള കോണ്‍ഗ്രസ് ബി) വിജയിച്ചു. ഉമാകൃഷ്ണന്‍ (യുഡിഎഫ് സ്വത.) രണ്ടാമതെത്തി.  യുഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.

കൊല്ലത്ത് നെടുമ്പന പഞ്ചായത്തിലെ പുലിയില വാര്‍ഡില്‍ സിപിഐ എമ്മിലെ റെനുമോന്‍ 188 വോട്ടിന് വിജയിച്ചു. വിജയിച്ച സിപിഐ എം അംഗം ജോലികിട്ടിയതിനെ തുടര്‍ന്ന് രാജിവെച്ചാണ് ഒഴിവു വന്നത്.ചെറുകോല്‍ പഞ്ചായത്ത് മഞ്ഞപ്രമല വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആനി ബിജു വിജയിച്ചു. യുഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി. 16 വോട്ടുകള്‍ക്കാണ് വിജയം. 

തിരുവനന്തപുരം ജില്ലയില്‍ വിളപ്പില്‍ പഞ്ചായത്തില്‍ നൂലിയോട് വാര്‍ഡില്‍ ബിജെപിയിലെ ആര്‍ എസ് അജിത വിജയിച്ചു. സിപിഐ എം സ്ഥാനാര്‍ത്ഥി പി ടി സുജയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എറണാകുളം ജില്ലയില്‍ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുകള്‍ നോര്‍ത്ത് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. അബ്ദുള്‍ ബഷീര്‍ (കോണ്‍ഗ്രസ്) ആണ് വിജയി. യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു. 173 വോട്ടാണ് ഭൂരിപക്ഷം. രാമമംഗലം പഞ്ചായത്തിലെ നെട്ടുപാടം വാര്‍ഡില്‍ എന്‍ ആര്‍ ശ്രീനിവാസന്‍ (കോണ്‍) വിജയിച്ചു.യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. 147 വോട്ടാണ് ഭൂരിപക്ഷം. 
തൃശൂര്‍ മണലൂര്‍ ചേഴൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ സ്ഥാനാര്‍ത്ഥി ദീപാ വസന്തന്‍  288 വോട്ടുകള്‍ക്കാണ് വാര്‍ഡില്‍ വിജയിച്ചത്. ഭൂരിപക്ഷം 130 വോട്ട് വര്‍ധിച്ചു. 

പാലക്കാട് ജില്ലയില്‍ കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന്‍ ജയിച്ചു. മപ്പാട്ടുകര വെസ്റ്റ് വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന്‍ രാജന്‍ പൂതനായില്‍ വിജയിച്ചു. ആലപ്പുഴ ജില്ലയില്‍ അരൂര്‍  എഴുപുന്ന പതിനാറാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ ആര്‍ ജീവന്‍ വിജയിച്ചു. 

ആലപ്പുഴ ജില്ലയില്‍ തകഴി പഞ്ചായത്ത് കളത്തില്‍പാലം 14ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സുഷമ 162 വോട്ടിന് വിജയിച്ചു. വാര്‍ഡ്അംഗമായിരുന്ന വിജയകുമാരി (സി പിഐ എം)യുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്.
കോട്ടയം പാലാ മുത്തോലി പഞ്ചായത്തിലെ തെക്കുംമുറി നോര്‍ത്ത് വാര്‍ഡ് യുഡിഎഫ് വിജയിച്ചു. ചതുഷ്‌കോണ മത്സരം നടന്ന വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. ജിസ്‌മോളാണ് വിജയിച്ചത്.കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാര്‍ഡില്‍ ലീഗിലെ സറീന റഫീഖ് വിജയിച്ചു. ലീഗ് ഭരണസമിതിയുടെ അഴിമതിയില്‍ പ്രതിഷേധിച്ച് ലീഗ് അംഗം രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

മലപ്പുറം ജില്ലയിലെ വെട്ടം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. അംഗമായിരുന്ന എല്‍ഡിഎഫിലെ പി ശശിധരന് ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വയനാട് ജില്ലയിലെ കല്‍പ്പറ്റ ബ്ളോക്ക് പഞ്ചായത്തില്‍ പടിഞ്ഞാറത്തറ വാര്‍ഡില്‍ ലീഗിലെ പി സി മമ്മൂട്ടി വിജയിച്ചു. കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്തിലെ പേരാവൂര്‍ വാര്‍ഡില്‍ ലീഗിലെ സിറാജ് പൂക്കോത്ത് വിജയിച്ചു. 

കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത്  അമ്പലത്തുകര വാര്‍ഡില്‍ സിപിഐ യിലെ പി ഓമന 3690 വോട്ടിന് വിജയിച്ചു. ബിജെപിയിലെ കെ ശോഭന രണ്ടാമതെത്തി. എല്‍ഡിഎഫ് അംഗം ജോലികിട്ടിയതിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, ജില്ലകളിലെ 17 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും  കോഴിക്കോട് ഒരു നഗരസഭ വാര്‍ഡിലും   വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോ ബ്ളോക്ക്പഞ്ചായത്ത് വാര്‍ഡിലുമായിരുന്നു ഉപതെരഞ്ഞെടുപ്പ്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com