ബിജെപിയെ ഒറ്റയ്ക്ക് നേരിടുമെന്ന സിപിഎം മോഹം ആനയ്ക്ക് അണ്ണാൻ കല്യാണം ആലോചിക്കുന്നതുപോലെ: കെ സുധാകരൻ
By സമകാലിക മലയാളം ഡെസ്ക് | Published: 03rd March 2018 07:49 PM |
Last Updated: 03rd March 2018 07:49 PM | A+A A- |

കണ്ണൂർ: രാജ്യത്ത് നടക്കുന്ന ബി.ജെ.പിയുടെ വർഗീയ ഫാസിസത്തെ ഒറ്റയ്ക്ക് നേരിടുമെന്ന സി.പി.എമ്മിന്റെ അവകാശവാദം ആനയ്ക്ക് അണ്ണാൻ കല്യാണം ആലോചിക്കുന്നത് പൊലെയാണെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ പറഞ്ഞു. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിലും ത്രിപുരയിലും തകർന്നടിഞ്ഞ സി.പി.എം കേരളത്തിൽ മാത്രം ഇരുന്ന് എന്തു ചെയ്യാനാണ്. കോൺഗ്രസിന്റെ ഉദാരവത്കരണ നയത്തോടാണല്ലോ സി.പി.എമ്മിന്റെ വിമർശനം. നീണ്ട 35 കൊല്ലം ഭരിച്ച ബംഗാളിൽ സി.പി.എം എന്താണ് ചെയ്തത്. അവിടെയുള്ള പാവപ്പെട്ട കർഷകരുടെ പട്ടയം പിടിച്ചെടുത്ത ഭൂമി ടാറ്റ എന്ന കോർപ്പറേറ്റ് കമ്പനിയുടെ കീഴിൽ സമർപ്പിച്ചു. അവിടെ ഇപ്പോൾ പാർട്ടി ഓഫീസുകൾ വാടകയ്ക്ക് കൊടുക്കേണ്ട അവസ്ഥയാണ് സി.പി.എമ്മിന്- സുധാകരൻ പറഞ്ഞു
ബംഗാളിലെ പഴയ ലോക്കൽ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരുമൊക്കെ ഇപ്പോൾ കേരളത്തിൽ കൂലിപ്പണിയെടുത്താണ് കഴിയുന്നത്. പിണറായി വിജയൻ സർക്കാർ കേരളത്തിൽ എന്ത് സാമ്പത്തിക നയമാണ് നടപ്പാക്കുന്നത്. എൽ.ഡി.എഫ് എം.എൽ.എമാരിൽ 17 പേർ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പങ്കാളികളാണ്. തോമസ് ചാണ്ടിയുടെ ആസ്തിക്ക് മുൻപിൽ അന്തിച്ച് നിൽക്കുകയാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ വിമർശിച്ചു.