സംഘപരിവാറിനെ നേരിടാന്‍ പുതിയ യുദ്ധമുന്നണി വേണമെന്ന് വിഎസ് 

സംഘപരിവാറിനെതിരായ അന്തിമ പോരാട്ടത്തിലേക്കാണ് ഇടതുപക്ഷം നയിക്കപ്പെടുന്നത്. ആ പോരാട്ടം തനിച്ച് നയിക്കാനും ജയിക്കാനുമുള്ള ശക്തി ഇന്ന് ഇടതുപക്ഷത്തിനില്ല
സംഘപരിവാറിനെ നേരിടാന്‍ പുതിയ യുദ്ധമുന്നണി വേണമെന്ന് വിഎസ് 

തിരുവനന്തപുരം : സംഘപരിവാറിനെ നേരിടാന്‍ പുതിയ യുദ്ധമുന്നണി വേണമെന്ന് സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. ത്രിപുരയില്‍ ബിജെപി നേടിയ വിജയം ഗൗരവമേറിയതാണ്. സംഘപരിവാറിനെതിരായ അന്തിമ പോരാട്ടത്തിന് തയ്യാറെടുക്കണമെന്നും വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. 

കൊന്നും കൊലവിളിച്ചും, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും സ്വന്തക്കാര്‍ക്കും കയ്യേറാന്‍ വിട്ടുകൊടുത്തും, ജുഡീഷ്യറിയെ കയ്യിലെ കളിപ്പാവയാക്കിയും, സാമ്രാജ്യത്വവുമായി സഖ്യമുണ്ടാക്കിയും ദേശീയ തലത്തില്‍ ബിജെപി ശക്തി വര്‍ധിപ്പിക്കുകയാണ്. സംഘപരിവാര്‍ ശക്തികളുടെ ആയുധപ്പുരകള്‍ സമ്പന്നമാണ്. അവരുടെ തന്ത്രങ്ങള്‍ ഏറെ വഴക്കമുള്ളതാണ്. അത്തരമൊരു ഫാസിസ്റ്റ് മഹാമാരിയെയാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നമുക്ക് തുരത്തിയെറിയാനുള്ളത്. അതിനു കഴിയാതെവന്നാല്‍, രാജ്യത്തിന്റെ പരമാധികാരവും, സാമ്പത്തിക സുരക്ഷയും, മതനിരപേക്ഷതയും, ജനാധിപത്യവുമാണ് തകര്‍ന്നടിയുക.

അതിനെതിരായ അന്തിമ പോരാട്ടത്തിലേക്കാണ് ഇന്ത്യന്‍ ഇടതുപക്ഷം നയിക്കപ്പെടുന്നത്. ആ പോരാട്ടം തനിച്ച് നയിക്കാനും ജയിക്കാനുമുള്ള ശക്തി ഇന്ന് ഇടതുപക്ഷത്തിനില്ല എന്നത് വസ്തുതയാണ്. മറ്റ് ദേശീയ, പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളും ശിഥിലമാണ്. അഴിമതിയും സ്വജനപക്ഷപാതവുമെല്ലാമാണ് അവരില്‍ പലരുടെയും മുഖമുദ്ര. അത്തരക്കാരുമായി സഖ്യത്തിലേര്‍പ്പെടാനോ, അവരുമായി ചേര്‍ന്ന് ഭരണ മുന്നണിയുണ്ടാക്കാനോ കഴിയില്ല. എന്നാല്‍, അത്തരം ബൂര്‍ഷ്വാ പാര്‍ട്ടികളിലെ മതനിരപേക്ഷ ശക്തികളെ തന്ത്രപരമായി കൂട്ടിയോജിപ്പിച്ച് ഒരു യുദ്ധമുന്നണി തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഘപരിവാര്‍ ഫാസിസത്തെ ഇന്ത്യയില്‍ തറപറ്റിക്കാന്‍ പ്രയാസമായിരിക്കും. വിഎസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

കാല്‍നൂറ്റാണ്ടായി ഭരണത്തിലിരുന്ന ത്രിപുരയില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 2013 ലെ തെരഞ്ഞെടുപ്പില്‍ 49 സീറ്റു നേടി ഭരണം നിലനിര്‍ത്തിയ സിപിഎം ഇത്തവണ 16 സീറ്റിലേക്ക് പിന്തള്ളപ്പെട്ടു. അതേസമയം 43 സീറ്റ് നേടിയ ബിജെപി സഖ്യം മൂന്നില്‍ഡ രണ്ട് ഭൂരിപക്ഷത്തോടെയാണ് വിജയം പിടിച്ചെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com