മുരുകന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 04th March 2018 12:31 PM |
Last Updated: 04th March 2018 12:31 PM | A+A A- |

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല മുരുകനെ ആശുപത്രിയിലെത്തിച്ചത്. മുരുകന് മസ്തിഷ്‌കമരണം സംഭവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുരുകനെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ഉപയോഗിക്കാവുന്ന തരത്തില്‍ വെന്റിലേറ്റര്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍പ് വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജന്‍ ഡോ. പികെ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടേതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് മുരുകന് ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16നാണ് കൊല്ലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മുരുകന്‍ മരിച്ചത്. കൊല്ലത്തെ അഞ്ചു സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മുരുകന് ചികിത്സ ലഭിച്ചില്ല.