രാജ്യം പരാജയപ്പെട്ടിട്ട് നമ്മള്‍ മാത്രം ജയിച്ചതുകൊണ്ട് എന്ത് കാര്യം?; ആര്‍എസ്എസിന്റെ പതനം കേരളത്തില്‍ നിന്ന് തുടങ്ങണം: കനയ്യ കുമാര്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 04th March 2018 10:39 AM |
Last Updated: 04th March 2018 10:41 AM | A+A A- |

മലപ്പുറം: ആര്‍എസ്എസിന്റെ പരാജയത്തിന് നാന്ദികുറിക്കുന്ന സമരങ്ങള്‍ കേരളത്തില്‍ നിന്ന് ആരംഭിക്കണമെന്ന് എഐഎസ്എഫ് നേതാവ് കനയ്യ കുമാര്‍. മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമരജ്വാല സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പരാജയപ്പെട്ടിട്ട് നമ്മള്‍ മാത്രം ജയിച്ചത് കൊണ്ട് കാര്യമില്ല. കേരളത്തിലെ സഖാക്കളോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്,വ്യത്യസ്തമായ രാഷ്ട്രീയ ലൈന്‍ സ്വീകരിച്ച് ആര്‍എസ്എസിനെ തൂത്തെറിയാന്‍ നമ്മള്‍ ശ്രമിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
നമുക്ക് മുന്‍പില്‍ എളുപ്പ വഴികള്‍ ഇല്ല. രാജ്യത്ത് അതിശക്തമായ ഐക്യ മുന്നണി കെട്ടിപ്പടുക്കേണ്ട സമയമായിരിക്കുന്നു. അധികാരത്തിന് വേണ്ടി ഉള്ള ഒരു മുന്നണിയെ കുറിച്ച് അല്ല ഞാന്‍ പറയുന്നത്, ആര്‍എസ്എസിനെതിരായ സമര ഐക്യ മുന്നണിയെ കുറിച്ചാണ്. ദളിത്, സ്ത്രീ, ന്യൂന പക്ഷ, യുവജന വിഭാഗങ്ങള്‍, അരക്ഷിതരായ ഈ വിഭാഗങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു രാഷ്ട്രീയ മുന്നണിയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്.
2019ല്‍ രാജ്യത്ത് ആര്‍എസ്എസ് നിയന്ത്രിത ഭരണകൂടം നിലവില്‍ വന്നാല്‍ സമ്പൂര്‍ണ്ണ ഫാസിസ്റ്റ് വാഴ്ചയിലേക്ക് രാജ്യം നീങ്ങും. അതുണ്ടാവാതിരിക്കാന്‍ മുഴുവന്‍ ശക്തികളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള ഐക്യ മുന്നണിക്ക് ഇടതുപക്ഷം മുന്‍കൈ എടുക്കണം.
കേരളത്തിലെ സഖാക്കളോട് എനിക്ക് അഭ്യര്‍ത്ഥിക്കാന്‍ ഉള്ളത്, നിങ്ങള്‍ പുട്ട്, അട, ദോശ തുടങ്ങിയ ഭക്ഷണം കഴിക്കുന്നു. എന്നാല്‍ ബീഹാറി ആയ എന്റെ ഭക്ഷണം വ്യത്യസ്തം ആണ്, നമ്മുടെ രാജ്യത്ത് ഒരൊറ്റ രാജ്യം, ഒരൊറ്റ രീതി എന്നത് ആര്‍എസ്എസ് നിലപാടാണ്, നമുക്കത് വേണ്ട, നമുക്ക് രാജ്യത്ത് വ്യത്യസ്തമായ രാഷ്ട്രീയ ലൈന്‍ ആവശ്യമാണ്. കേരളത്തില്‍ കോണ്‍ഗ്രസാണ് നമ്മുടെ എതിരാളികള്‍. അതങ്ങനെ തന്നെ ആയിരിക്കണം. എന്നാല്‍ ബീഹാറില്‍ കോണ്‍ഗ്രസ് നമ്മുടെ എതിരാളി അല്ല, രാജ്യത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും അവര്‍ നമ്മളുടെയോ, നമ്മള്‍ അവരുടെയോ രാഷ്ട്രീയ എതിരാളികള്‍ അല്ല, അതുകാണ്ട് വ്യത്യസ്തമായ രാഷ്ട്രീയ ലൈന്‍ സ്വീകരിച്ച് ആര്‍എസ്എസിനെ തൂത്തെറിയാന്‍ നമ്മള്‍ ശ്രമിക്കണം. രാജ്യം പരാജയപ്പെട്ടിട്ട് നമ്മള്‍ മാത്രം ജയിച്ചത് കൊണ്ട് കാര്യമില്ല.കേരളമാണ് അവരുടെ അടുത്ത ലക്ഷ്യം, അവരുടെ പരാജയത്തിന്റെ നാന്ദി കുറിക്കേണ്ട സമരങ്ങള്‍ക്ക് ഈ മണ്ണില്‍ നിന്ന് തുടക്കം കുറിക്കണം,അദ്ദേഹം പറഞ്ഞു.