കാനം തുടരും; സിപിഐ സംസ്ഥാന സമ്മേളനില്‍ ഇസ്മായില്‍ തരംഗം

വിഭാഗിയത പരസ്യമായി പുറത്തുവന്ന മലപ്പുറം സമ്മേളന വേദിയില്‍ വീണ്ടും കാനം രാജേന്ദ്രന്‍ തന്നെ സെക്രട്ടറിയായി ചുമതലയേല്‍ക്കുമെന്നാണ് വിവരങ്ങള്‍
കാനം തുടരും; സിപിഐ സംസ്ഥാന സമ്മേളനില്‍ ഇസ്മായില്‍ തരംഗം

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി,കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഇന്ന്. വിഭാഗിയത പരസ്യമായി പുറത്തുവന്ന മലപ്പുറം സമ്മേളന വേദിയില്‍ വീണ്ടും കാനം രാജേന്ദ്രന്‍ തന്നെ സെക്രട്ടറിയായി ചുമതലയേല്‍ക്കുമെന്നാണ് വിവരങ്ങള്‍.എന്നാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാനാണ് കെ.ഇ ഇസ്മായില്‍ വിഭാഗത്തിന്റെ ശ്രമം. മത്സരം ഒഴിവാക്കാന്‍ കേന്ദ്ര നേതൃത്വം മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്. 

കോട്ടയത്തു നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന് സംഘടനയില്‍ വ്യക്തമായ ആധിപത്യമുണ്ട്. എന്നാല്‍ കെ.ഇ ഇസ്മായിലിനെതിരെയുള്ള  കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തിരിഞ്ഞു കുത്തിയ അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. അവസരം മുതലെടുത്ത ഇസ്മായില്‍, തന്നെ മനപ്പൂര്‍വം ഒതുക്കാന്‍ ശ്രമിക്കുകയാണ് എന്നാരോപിച്ച് രംഗത്ത് വന്നിരുന്നു. ഇതില്‍ കാനത്തിന് പങ്കുണ്ടെന്നാണ് ഇസ്മായില്‍ പക്ഷം ആരോപിക്കുന്നത്. മുന്‍ ദേശീയനിര്‍വാഹക സമിതി അംഗം സി.ദിവാകരനെ കാനത്തിനെതിരെ രംഗത്തിറക്കണമെന്ന അഭിപ്രായം ഇവര്‍ക്കുണ്ട്. 

കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് നടന്ന പൊതുചര്‍ച്ചയില്‍ ഇസ്മായിലിനെ അനുകൂലിച്ചായിരുന്നു ഭൂരിഭാഗം പ്രതിനിധികളും സംസാരിച്ചത്. ഇസ്മായില്‍ ആഡംബര ജീവിതം നയിക്കുന്നുവെന്നും ഇത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ല   എന്നുമായിരുന്നു കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിമര്‍ശനം. 

ചര്‍ച്ചയില്‍ പങ്കെടുത്ത ഒമ്പതു ജില്ലകളിലെ പ്രതിനിധികള്‍ ഇസ്മായിലിനൊപ്പം നിന്നു. നേതൃത്വത്തിന് എതിരെ രൂക്ഷ ഭാഷയിലാണ് വിമര്‍ശനമുയര്‍ന്നത്. റിപ്പോര്‍ട്ട് ചോര്‍ന്ന് മാധ്യമങ്ങളില്‍ വന്നത് ശരിയല്ല എന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. എന്നാല്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് പ്രതിനിധികളുടെ കയ്യില്‍ കിട്ടിയതിന് ശേഷമാണ് എന്ന് കാനം പ്രതിരോധിച്ചു. 

കാനം രാജേന്ദ്രന്‍ വ്യക്തിപൂജ ഇഷ്ടപ്പെടുന്ന ആളാണെന്നും വിമര്‍ശനമുയര്‍ന്നു. അസിസ്റ്റന്റ് സെക്രട്ടറിമാര്‍ എംഎന്‍  സ്മാരകം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് എന്ന ആരോപണവുമുയര്‍ന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി സമ്മേളനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ കാനത്തിന്റെ രണ്ടാമതുള്ള സ്ഥാനാരോഹണം അത്ര എളുപ്പമായിരിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com