കാനത്തിന് രണ്ടാമൂഴം; പാര്‍ട്ടി ഒറ്റക്കെട്ടെന്ന് കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കാനത്തിന് രണ്ടാമൂഴം; പാര്‍ട്ടി ഒറ്റക്കെട്ടെന്ന് കാനം രാജേന്ദ്രന്‍


മലപ്പുറം: കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വിഭാഗിയത മറനീക്കി പുറത്തുവന്ന മലപ്പുറം സമ്മേളനത്തില്‍ അവസാന നിമിഷം ഉടലെടുത്ത നാടകീയതകള്‍ക്ക് ഒടുവില്‍ എതിരില്ലാതെയാണ് സംസ്ഥാന സെക്രട്ടറിയായി കാനത്തെ രണ്ടാമതും തെരഞ്ഞെടുത്തത്. 

ആദ്യം സംസ്ഥാന സമിതിയംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയ ശേഷമാണ് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കാനത്തെ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. സംസ്ഥാന കൗണ്‍സിലിലെ അംഗങ്ങളുടെ എണ്ണം 89 ല്‍നിന്ന് 96 ആയി ഉയര്‍ത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റികളില്‍ നിന്ന് സംസ്ഥാന സമിതിയിലേക്കുള്ള ക്വാട്ട തെരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇടുക്കി ജില്ലാ കമ്മിറ്റിയിലും എറണാകുളം ജില്ലാ കമ്മിറ്റിയിലും തെരഞ്ഞെടുപ്പ് നടന്നു. ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്ന് കാനം പക്ഷത്തെ കരുത്തന്‍ വാഴൂര്‍ സോമനെ തോല്‍പ്പിച്ച് ഇ.എസ് ബിജിമോള്‍ സംസ്ഥാന കൗണ്‍സിലിലെത്തി. മുന്‍ എംപിയും കെ.ഇ ഇസ്മായില്‍ പക്ഷത്തെ പ്രമുഖ നേതാവുമായ എം.പി അച്യുതനെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇസ്മായില്‍ പക്ഷത്തിന് മുന്‍തൂക്കമുള്ള തിരുവനന്തപുരം ജില്ലയില്‍ നിന്ന് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുന്നവരുടെതായി നല്‍കി പട്ടികയില്‍ അച്യുതന്റെ പേരില്ലായിരുന്നു. മീനാങ്കല്‍ കുമാര്‍, മനോജ് ഇടമന എന്നിവരെ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രതിനിധികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കെ.ഇ ഇസ്മായില്‍ പക്ഷത്തെ പ്രമുഖയും ആദിവാസി നേതാവുമായി ഈശ്വരി രേശനെ ഒഴിവാക്കി. ഈശ്വരി രേശന് പകം മല്ലികയെയാണ് ജില്ലയില്‍ നിന്ന് സംസ്ഥാന സമിതിയില്‍ എടുത്തിരിക്കുന്നത്.മറ്റ് ജില്ലകളില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെകിലും അതെല്ലാം പരിഹരിച്ചാണ് സംസ്ഥാന കൗണ്‍സിലിലേക്കുള്ള പാനല്‍ അംഗീകരിച്ചത്.      

കെ.ഇ ഇസ്മായില്‍ പക്ഷക്കാര്‍ നേരത്തെ ഒരു തെരഞ്ഞെടുപ്പിന് കോപ്പു കൂട്ടിയെങ്കിലും നടന്നില്ല.കാനം വിരുദ്ധ പക്ഷത്തിലെ പ്രമുഖനായ സി.ദിവാകരനെ മത്സരിപ്പിക്കാനും ഇസ്മായില്‍ പക്ഷം ശ്രമിച്ചു. എന്നാല്‍ പാര്‍ട്ടി ഐക്യമാണ് വലുത് എന്ന് പറഞ്ഞ് ദിവാകരന്‍ പിന്‍മാറുകയായിരുന്നു. ഇതോടുകൂടി കാനം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

പാര്‍ട്ടിയില്‍ വിഭാഗിയതയില്ലെന്നും സിപിഐ ഒറ്റക്കെട്ടാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. തന്റെ നിലപാടുകള്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ്. സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഐകകണ്‌ഠേനയാണ് നടന്നത്. ചര്‍ച്ചകള്‍ നടന്നു, അവതരിപ്പിച്ച എല്ലാ റിപ്പോര്‍ട്ടുകളും ഒറ്റക്കെട്ടയാണ് അംഗീകരിച്ചത്. 

എന്റെ നിലപാടുകള്‍ വ്യക്തിപരമല്ല,അതെല്ലാം സിപിഐയുടെ അഭിപ്രായങ്ങളാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകും. സംഘപരിവാര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ വിശാലമായ മതേതര ഇടതുപക്ഷ ബദലാണ് ആവശ്യമെന്ന് ഇന്നലെ പുറത്തുവന്ന ത്രിപുര തെരഞ്ഞെടുപ്പ് ഫലം കാട്ടിത്തരുന്നു. ചെറുത്തു നില്‍പ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്തും. 

കണ്‍ട്രോള്‍ കമ്മീഷനില്‍ പുതിയ ആളുകള്‍ വന്നതില്‍ അസ്വഭാവികതയില്ല. കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ച് കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കാമെന്ന് കെ.ഇ ഇസ്മായിലിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. 

കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൃദയത്തില്‍ സ്വീകരിക്കാതിരുന്ന പ്രതിനിധികള്‍ക്ക് നന്ദി എന്ന ഇസ്മായിലിന്റെ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരുടെയും ഹൃദയം എനിക്ക് പരിശോധിക്കാന്‍ കഴിയുമോ എന്നായിരുന്നു ഉത്തരം. 

സിപിഐ മന്ത്രിമാരുടെ പുനഃസംഘടന ഉദ്ദേശിക്കുന്നില്ല.സിപിഎമ്മും സിപിഐയും രണ്ട് പാര്‍ട്ടികളാകുമ്പോള്‍ സ്വാഭാവികമായും വിയോജിപ്പുകളുണ്ടാകും. പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള ഒറു കാര്യത്തിലും എതിര് നിന്നിട്ടില്ല,ഇനി നില്‍ക്കുകയുമില്ല. എല്ലാ ഇടതുപക്ഷ പാര്‍ട്ടികളും ഇടതു മുന്നണിക്കൊപ്പം വരണം. മുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലില്ല. മാണി ആരുടെകൂടെ പോകുമെന്ന് എങ്ങനെ അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com