ജെഡിയുവിന്റെ ആദ്യ തിരിച്ചടി; കല്‍പറ്റ നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 06th March 2018 12:34 PM |
Last Updated: 06th March 2018 12:34 PM | A+A A- |

കല്‍പ്പറ്റ: കല്‍പറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. യുഡിഎഫ് ബന്ധം അവസാനിപ്പിച്ച ജനതാദള്‍ (യു) ഇടതുമുന്നണിയിലേക്കു ചേക്കേറിയതിനു പിന്നാലെ സംസ്ഥാനത്ത് ആദ്യമായാണ് യുഡിഎഫിനു ഭരണ നഷ്ടം ഉണ്ടാകുന്നത്.കല്‍പ്പറ്റ നഗരസഭയില്‍ ചെയര്‍മാനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ യുഡിഎഫ് ഭരണസമിതി പുറത്തായി. 13 നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.ജെഡിയു പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ക്കു പുറമേ ഒരു സ്വതന്ത്രനും ഇടതുപക്ഷത്തെ പിന്തുണച്ചു.
ജെഡിയു നിതീഷ്‌കുമാര്‍ വിഭാഗം സംസ്ഥാന പ്രസിഡന്റ് എ.എസ്. രാധാകൃഷ്ണന്‍ നല്‍കിയ വിപ്പ് ലംഘിച്ചാണു ജെഡിയു കൗണ്‍സിലര്‍മാര്‍ ഇടതുപക്ഷത്തിനു വോട്ട് ചെയ്തത്, ശരദ് യാദവ് വിഭാഗത്തിന്റെ നേതാവ് എം.പി. വീരേന്ദ്രകുമാറിന്റെ വിപ്പ് അനുസരിച്ചാണ് ഇവര്‍ ഇടതുപക്ഷത്തെ പിന്തുണച്ചത്. വിപ്പ് ലംഘിച്ചവര്‍ക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നു നിതീഷ്‌കുമാര്‍ വിഭാഗം അറിയിച്ചു.
യുഡിഎഫ് വിട്ട ജെഡിയു ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചതോടെയാണ് ചെയര്‍മാന്‍ ഉമൈബ മൊയ്തീന്‍കുട്ടിക്കെതിരായ അവിശ്വാസ പ്രമേയം പാസായത്. 28 അംഗ നഗരസഭയില്‍ നിലവില്‍ യുഡിഎഫ് പക്ഷത്ത് കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ലീഗിന് അഞ്ച് അംഗങ്ങളുമാണുള്ളത്. എല്‍ഡിഎഫില്‍ സിപിഎമ്മിന് 10 ഉം സിപിഐക്ക് രണ്ടും. ജെഡിയുവിന്റെ രണ്ട് പേരും കോണ്‍ഗ്രസ് വിമതനായി ജയിച്ച ആര്‍ രാധാകൃഷ്ണനും പ്രമേയത്തെ പിന്തുണച്ചു.