ഓഖി കൊണ്ടുപോയില്ല, മരിച്ചെന്ന് കരുതിയ ശിലുവയ്യന്‍ മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി

ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയായിരുന്ന ശിലുവയ്യനാണ് കഴിഞ്ഞ ദിവസം മടങ്ങിയെത്തിയത്
ഓഖി കൊണ്ടുപോയില്ല, മരിച്ചെന്ന് കരുതിയ ശിലുവയ്യന്‍ മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി

മാസങ്ങള്‍ പലതും കഴിഞ്ഞു ശിലുവയ്യന്‍ ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു നാട്ടുകാരും ബന്ധുക്കളും. മരിച്ചുപോയ ശിലുവയ്യന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഫഌക്‌സുകള്‍ ഉയര്‍ന്നു. എന്നാല്‍ ഒരാള്‍ക്ക് മാത്രം ഇത് വിശ്വസിക്കാനായില്ല. ശിലുവയ്യന്റെ ഏക മകന്‍ ആന്റണിക്ക്. അച്ഛന്റെ മടങ്ങിവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഈ മകന്‍. അവസാനം ആന്റണിയുടെ പ്രാര്‍ത്ഥന സഫലമായി. മാസങ്ങള്‍ക്ക് ശേഷം ശിലുവയ്യന്‍ വിഴിഞ്ഞത്തെ തന്റെ കൊച്ചു വീട്ടിലേക്ക് മടങ്ങിയെത്തി. 

ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയായിരുന്ന ശിലുവയ്യനാണ് കഴിഞ്ഞ ദിവസം മടങ്ങിയെത്തിയത്. 55 കാരനായ ഇയാള്‍ കഴിഞ്ഞ നവംബറിലാണ് മീന്‍പിടിക്കാനായി കാസര്‍ഗോട്ടേക്ക് ട്രെയില്‍ കയറിയത്. മമ്മത് എന്ന ആളുടെ വള്ളത്തില്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയി. ഓഖി ചുഴലിക്കാറ്റില്‍ പെട്ടെങ്കിലും വളരെ കഷ്ടപ്പെട്ട് കരയില്‍ എത്തി. 

കൂടെയുണ്ടായിരുന്ന പലര്‍ക്കും ബന്ധുക്കളില്‍ നിന്ന് വിളി എത്തിയതോടെ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ കൈയില്‍ പണമില്ലാത്തതിനാല്‍ കൂടെയുള്ളവരുടെ തിരിച്ചുവരവും കാത്ത് ശിലുവയ്യന്‍ അവിടെ തന്നെ തങ്ങി. കടലില്‍ പോയി പണമുണ്ടാക്കി നാട്ടിലേക്ക് തിരിക്കാം എന്ന പദ്ധതിയിലായിരുന്നു ശിലുവയ്യന്‍. കടലില്‍ ഇറങ്ങാന്‍ കഴിയാതായതോടെ പരിചയക്കാരോട് കടം വാങ്ങിയ പണവുമായാണ് അദ്ദേഹം മടങ്ങിയെത്തിയത്. എന്നാല്‍ അപ്പോഴേക്കും അടിമലത്തുറയില്‍ ഓഖിയില്‍പ്പെട്ട് കാണാതായവരുടെ കൂട്ടത്തില്‍ ശിലുവയ്യനേയും ഉള്‍പ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി ഫഌക്‌സും വെച്ച് ശിലുവയ്യനെ പരേതനാക്കി. 

ഭാര്യ നേരത്തെ മരിച്ചുപൊയതിനാല്‍ ശിലുവയ്യന്റെ മകന്‍ ആന്റണി തികച്ചും ഒറ്റയ്ക്കായിരുന്നു. ബന്ധുവിന്റെ സംരക്ഷണത്തിലാണ് ആന്റണി കഴിഞ്ഞിരുന്നത്. അച്ഛന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്ന ഈ മകന്‍ അച്ഛന്റെ തിരിച്ചുവരവോടെ സന്തോഷത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com